ചവറ: കരിമണലിന്റെ നാട്ടില്‍ ചിലങ്കയുടെ മണികിലുക്കം തീര്‍ത്ത് 55-ാമത് ജില്ലാ സ്കൂള്‍ കലോത്സവം. നാടും നാട്ടാരും കലയുടെ വസന്തത്തെ സ്വാഗതം ചെയ്തപ്പോള്‍ ആവേശത്തിന്റെ തിമിര്‍പ്പേറി. പക്ഷെ രണ്ടാംദിനം പ്രധാന കലാമത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമയം വൈകി. ഒമ്പതുമണി മുതല്‍ തുടങ്ങേണ്ട മത്സരങ്ങള്‍ പത്തരയും പതിനൊന്നും കഴിഞ്ഞാണ് ആരംഭിച്ചത്. പ്രധാനവേദിയായ ബോയ്സ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ടില്‍ 10.30നാണ് ഭരതനാട്യത്തിന്റെ അലയൊലിയായത്. ചിലങ്കയുടെ താളമുയര്‍ന്നതോടെ അലസത മറന്ന് സദസും ആവേശത്തിലായി. അതിനിടയില്‍ ഉച്ചയോടെ ആദ്യദിന ഫലങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങി. രണ്ടാംവേദിയായ ബോയ്സ് എച്ച്എസ്എസിലെ തിരുവാതിരക്കളിയുടെ ഫലം വന്നപ്പോള്‍ സമയം വൈകിട്ട് നാലു കഴിഞ്ഞു.
ആദ്യമണിക്കൂറുകളില്‍ തന്നെ കുറ്റമറ്റരീതിയില്‍ സംഘാടനമെന്ന സംഘാടകസമിതി ഭാരവാഹികളുടെ സ്വപ്നം പാളി. ഓരോ മത്സരങ്ങളും സമയക്രമങ്ങള്‍ തെറ്റി. വേദികള്‍ തമ്മിലുള്ള ദൈര്‍ഘ്യം കലാകാരന്മാരെ ബുദ്ധിമുട്ടിച്ചു. ഭക്ഷണത്തിനും കുടിവെള്ളത്തിനുംവേണ്ടി കലാകാരന്മാര് വലഞ്ഞ കാഴ്ചയും തുടര്‍ച്ചയായി കാണേണ്ടിവന്നു. പല വേദികളിലും പൊടിശല്യവും രൂക്ഷമായിരുന്നു. എല്ലാവര്‍ഷവും സംഘാടനത്തിലെ പിഴവുകള്‍ ഈ വര്‍ഷം ആവര്‍ത്തിക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും പ്രതിഷേധം ശക്തമായിരുന്നു.
ഉച്ചയോടെ വേദി നാലില്‍ നടത്താനിരുന്ന മാര്‍ഗംകളിയിലും പരിചമുട്ട് കളിയിലും വന്‍അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. എങ്കിലും മത്സരങ്ങള്‍ പ്രശ്നങ്ങള്‍ കൂടാതെ നടന്നു. വേദി ഏഴായ മിന്നാംത്തോട്ടില്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ നടന്ന യുപി ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരം ശ്രദ്ധേയമായി. ഓരോ നാടകവും സാമൂഹ്യപശ്ചാത്തലമുള്ള കഥകള്‍ അവതരിപ്പിച്ചപ്പോള്‍ നന്മയുടെയും ന്യൂജനറേഷന്റെയും ആശയങ്ങളായി മാറി. വേദി എട്ടില്‍ നടന്ന മോണോആക്ടില്‍ ഫേയ്സ്ബുക്കും ട്വിറ്ററും ആത്മഹത്യയുമൊക്കെ കടന്നുവന്നപ്പോള്‍ തുടര്‍ന്നുനടന്ന മിമിക്രിയില്‍ രാഷ്ട്രീയനേതാക്കന്മാര് പതിവുസ്വരങ്ങളായി. തമിഴ്പദ്യം, തിരുവാതിര, കുച്ചിപ്പുടി എന്നിവയില്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു.
പരിചമുട്ടും ചവിട്ടുനാടകവും കൗതുകമായി. സംസ്കൃതോത്സവം ഓരോ വര്‍ഷവും ആവേശത്തോടെ വര്‍ദ്ധിക്കുന്നത് അദ്ധ്യാപകര്‍ക്ക് സന്തോഷകരമാകുന്ന കാഴ്ചയാണ്. മത്സരാര്‍ത്ഥികള്‍ തയ്യാറായിട്ടും സംഘാടകര്‍ തയ്യാറാകാത്തതാണ് അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത്. അച്ചന്‍കോവിലില്‍ നിന്നും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. രാത്രി വൈകിയും മത്സരങ്ങള്‍ നടന്നു. ഹയര്സെക്കണ്ടറിക്കും ഹൈസ്കൂളിനും യുപിക്കും വെവ്വേറെ മത്സരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: