കോട്ടയം: പ്ലാസ്റ്റിക് രഹിത സന്നിധാനം, മാലിന്യമുക്ത പമ്പ എന്ന ലക്ഷത്തിനായി കേരള ക്ഷേത്രസംരക്ഷണസമിതിയും ശബരിമല അയ്യപ്പസേവാസമാജവും കൈകോര്‍ക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതര ആധ്യാത്മിക സാമൂഹ്യസംഘടനകളുടെ പങ്കാളിത്തത്തോടെ സ്വച്ഛ് പമ്പാ പദ്ധതിക്ക് രൂപം നല്‍കിയതായി ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണനും ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസും പത്രസമ്മേള നത്തില്‍ അറിയിച്ചു.
മകരവിളക്ക് മഹോത്സവം കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന 20 ന് സ്വച്ഛ് സന്നിധാന്‍ എന്ന പേരില്‍ ശബരിമല സന്നിധാനം ശുചീകരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയും വലിയ നടപ്പന്തലടക്കം സന്നിധാനവും ശുചീകരിക്കാനാണ് പദ്ധതി. മൂവായിരം പേര് യജ്ഞത്തില്‍ പങ്കാളികളാകും. 19 ന് എരുമേലിയില്‍ ഒത്തുചേര്‍ന്ന് ഉച്ചയോടെയാണ് സന്നിധാനത്തേക്ക് പോകുന്നത്.
ഇതോടൊപ്പം പമ്പാനദി ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടി ആളുകള്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഒരൊപ്പിന് രണ്ടുരൂപ എന്ന ക്രമത്തില്‍ സമാഹരിക്കുന്ന തുകയും മെയ് 16 ന് ക്ഷേത്രസംരക്ഷണസമിതിയുടെ 49-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി മുഖേന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കും.
ഉത്ഭവസ്ഥാനത്തുനിന്നും 179 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് പമ്പാനദി വേമ്പനാട്ടുകായലില്‍ പതിക്കുന്നത്. ഇതില്‍ 52 കിലോമീറ്റര്‍ മാത്രമാണ് വനപ്രദേശത്തുകൂടി ഒഴുകുന്നത്. ബാക്കിദൂരം ചെറുതും വലുതുമായ നാല്പത് ജനപഥങ്ങളിലൂടെയാണ് പമ്പ കടന്നുപോകുന്നത്. ഈ ജനപഥങ്ങളിലെ മാലിന്യങ്ങള്‍ നിഷ്കരുണം പമ്പാനദിയിലേക്കാണ് തള്ളുന്നത്. പമ്പാ മലിനീകരണത്തിന്റെ മൊത്തം ഉത്തരവാദിത്വം ശബരിമല തീര്‍ത്ഥാടകര്‍ക്കല്ല എന്ന യാഥാര്‍ത്ഥ്യമാണിത് വെളിവാക്കുന്നത്. പൂര്‍ണ്ണമായ പമ്പാശുചീകരണത്തിന് കര്‍ശനനടപടികളുമായി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി മുന്നിട്ടിറങ്ങുകയും മുഖം നോക്കാതെ നടപടികള്‍ എടുക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: