കൊച്ചി: ഫാക്ടിനു പിന്നാലെ മോദി സര്‍ക്കാരിന്റെ വികസന നയം കൊച്ചി തുറമുഖത്തിനും പുതുജീവനേകുന്നു. കൊച്ചി തുറമുഖത്തിന്റേയും വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിന്റെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ പുതിയ പ്രതീക്ഷയാവുകയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുറമുഖവും ടെര്‍മിനലും പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ് ഇപ്പോള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതലയില്‍ നിന്ന് ദുബായ് പോര്‍ട്ട് വേള്‍ഡ് പിന്‍വാങ്ങാനൊരുങ്ങുകയാണ്. പകരം അദാനി ഗ്രൂപ്പ് അടക്കം പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വന്‍ നഷ്ടത്തിലായ തുറമുഖത്തിന്റേയും ടെര്‍മിനലിന്റേയും നവോത്ഥാനത്തിനായി വിവിധ പദ്ധതികള്‍ക്കാണ് ഷിപ്പിങ്ങ് മന്ത്രാലയം തുടക്കമിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിപ്പിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കപ്പലുകള്‍ ചരക്ക് കയറ്റുമതിക്കായി ഇനി പൂര്‍ണ്ണമായും വല്ലാര്‍പാടം ടെര്‍മിനല്‍ ഉപയോഗിക്കും. ഇപ്പോള്‍ കൊളംബോ തുറമുഖത്തുനിന്നാണ് ഷിപ്പിങ്ങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കപ്പലുകള്‍ ചരക്ക് കയറ്റുന്നത്.
വല്ലാര്‍പാടത്ത് വിദേശ കപ്പലുകള്‍ ചരക്കിറക്കുന്നതിന് ഇന്ത്യന്‍ കബോട്ടാഷ് നിയമം അനുവദിക്കുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കബോട്ടാഷ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് തൊഴിലാളികളും യൂണിയനുകളും നിരന്തരം സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പി സര്‍ക്കാര്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനൊരുങ്ങുകയാണ്. ഇതോടെ കൊച്ചി തുറമുഖത്ത് വിദേശ കപ്പലുകള്‍ ചരക്കുകളുമായെത്തുന്ന സാഹചര്യമുണ്ടാകും.
ഇന്ത്യന്‍ തുറമുഖങ്ങളിലെ കയറ്റ്-ഇറക്കുമതി നിരക്കുകള്‍ ഏകീകരിക്കാനും നീക്കമുണ്ട്. ഇതോടെ വല്ലാര്‍പാടത്ത് നിരക്ക് കൂടുതലാണെന്ന പരാതിക്ക് അറുതിയാകും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ 30 വര്‍ഷത്തേക്കാണ് ദുബായ് പോര്‍ട്ടിന് ബിഒടി അടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ കരാര്‍ നിബന്ധനകളൊന്നും ദുബായ് പോര്‍ട്ട് പാലിച്ചിട്ടില്ല. കേന്ദ്ര ഖജനാവില്‍ നിന്ന് 2000 കോടി രൂപയും കൊച്ചി തുറമുഖത്തിന്റെ 100ഹെക്ടറിലേറെ ഭൂമിയും ഉപയോഗിച്ചാണ് വല്ലാര്‍പാടം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളിയില്‍ നിന്ന് ടെര്‍മിനലിലേക്ക് റെയില്‍വേലൈന്‍, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഖജനാവിലെ പണമുപയോഗിച്ച് ഒരുക്കിക്കൊടുത്തു.ഇതിനായി 4000 കോടിയിലേറെ ചെലവായതായാണ് കണക്ക്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയില്‍വേ മേല്‍പ്പാലമാണ് വേമ്പനാട്ട് കായലിനു മുകളില്‍ കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനായി നിര്‍മ്മിച്ചത്. കപ്പല്‍ ചാല് ആഴം കൂട്ടുന്നതിനായും പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി.
ബര്‍ത്ത് നിര്‍മ്മാണം, ക്രെയിനുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ മാത്രമാണ് വല്ലാര്‍പാടത്ത് ദുബായ് പോര്‍ട്ടിന്റെ മുതല്‍ മുടക്ക്. ഇതാകട്ടെ 900 കോടിയുടേത് മാത്രവും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടും പദ്ധതിയുടെ 25 ശതമാനം പോലും ലക്ഷ്യം കാണാന്‍ ദുബായ് പോര്ട്ടിനായില്ല.
വല്ലാര്‍പാടം ടെര്‍മിനലിനു വേണ്ടി പഴയ തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ 2011 ല്‍ അടച്ചു പൂട്ടേണ്ടതായും വന്നു. 400 ലേറെ തൊഴിലാളികള്‍ക്കാണ് ഇതേതുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. എന്നിട്ടും ദുബായ് പോര്‍ട്ട് വേള്‍ഡിന് ലക്ഷ്യം കാണാനായില്ല.
കപ്പല്‍ ചാലിന് ആഴം കുറവായതിനാല്‍ ഇവിടെ നിരന്തരം ഡ്രഡ്ജിങ്ങ് ആവശ്യമായി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ചെലവുകള്‍ വഹിക്കുന്നത് കൊച്ചിന് പോര്‍ട്ടാണ്. ടെര്‍മിനല്‍ 25 ശതമാനം പോലും ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ ഭീമമായ തുക മുടക്കിയുള്ള ഈ ഡ്രഡ്ജിങ്ങ് ഇനി തുടരാനാകില്ലെന്ന് കൊച്ചിന് പോര്‍ട്ട് അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പോര്‍ട്ടിനെ ഒഴിവാക്കി ടെര്‍മിനലിന്റെ പ്രവര്‍ത്തനം കേന്ദ്രം ഏറ്റെടുക്കാനൊരുങ്ങുന്നത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികളിലൂടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കം. ആവശ്യമായ നഷ്ടപരിഹാരം ലഭിച്ചാല്‍ ഒഴിയാന്‍ തയ്യാറാണെന്ന് ദുബായ് പോര്‍ട്ട് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: