എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശുചീകരണത്തിന്റെ ഭാഗമായി മാലിന്യം ശേഖരിക്കുന്നതിനിടെ ലോറിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിശുദ്ധ സേനാംഗത്തിന് ആശുപത്രിയില്‍ ദുരിതം.
സേലം തിരുപ്പുറം സ്ദേശി വീരമുത്തു (49)ആണ് പ്രാഥമികാവശ്യം നിറവേറ്റാന്‍ കഴിയാതെ ഭക്ഷണം പോലും കഴിക്കാനാവാതെ കഴിഞ്ഞ നാലഞ്ചുദിവസമായി ദുരിതമനുഭവിക്കുന്നത്. എരുമേലിടൗണില് മാലിന്യങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കെ ടിപ്പര്‍ ലോറിയില്‍ നിന്നും കാല്‍വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ വലതുകാലിന്റെ ഞരമ്പുകള്‍ക്ക് സാരമായി പരിക്കേറ്റു. വീരമുത്തുവിനെ ഉടനെ കാഞ്ഞിരപ്പള്ളിതാലൂക്കാശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. കാലിലെ തകര്‍ന്ന ഞരമ്പുകള്‍ വലിച്ച് കെട്ടിയിരിക്കുന്നതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഏതുകാര്യത്തിനും മറ്റൊരാളുടെ സഹായം വേണ്ടുന്ന അവസ്ഥയാണ്. എന്നാല്‍ ശുചീകരണത്തിനായി നാട്ടില്‍ നിന്നും കൊണ്ടുവന്ന കരാറുകാര്‍ ആശുപത്രിയിലെത്തിച്ചശേഷം ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും നാലഞ്ചുദിവസമായി പട്ടിണിയിലാണെന്നും വീരമുത്തു ജന്മഭൂമിയോട് പറഞ്ഞു.
125ഓളം വരുന്ന വിശുദ്ധസേനാംഗങ്ങളെ കൊണ്ടുവന്ന കരാറുകാരന് ഓരോരുത്തരുടെയും തുച്ഛമായ ശമ്പളത്തില്‍ നിന്നും കമ്മീഷന് പറ്റുകമാത്രമാണെന്നും മറ്റൊരു സഹായവും ചെയ്തു തരുന്നില്ലെന്നും സേനാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ നവംബറിലെത്തിയ വീരമുത്തുവിന് ശമ്പളമായി ഇതുവരെ ഒന്നുംതന്നെ നലകിയിട്ടില്ലെന്നും എന്നാല്‍ ശമ്പളമില്ലെങ്കിലും തന്നെ എങ്ങിനെയെങ്കിലും നാട്ടിലെത്തിച്ചാല്‍ മതിയെന്നും വീരമുത്തു പറയുന്നു.
എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഒറ്റയ്ക്കു കഴിയുന്ന വീരമുത്തുവുനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഉന്നതാധികാരികള്‍ കനിയണമെന്നും അതും ജനുവരി 20നുശേഷമേ നടക്കൂവെന്നും കരാറുകാരന് പറഞ്ഞതായി വീരമുത്തു പറഞ്ഞു. ശുചീകരണത്തിനായി എരുമേലിയിലെത്തിയ പട്ടിണിപ്പാവങ്ങളുടെ തുച്ഛമായ ശമ്പളത്തില്‍ നിന്നും കമ്മീഷനും മറ്റും വാങ്ങി അപകടത്തില്‍പ്പെടുന്നവരെ വീട്ടില്‍ കൊണ്ടുപോകാതെ ആശുപത്രിയില്‍ തള്ളിയ കാരാറുകാരന്റെ നടപടിയിലും ശമ്പളം പോലും നല്‍കാതെ വിശുദ്ധിസേനാംഗങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട ബന്ധപ്പെട്ട ഉന്നതാധികാരികളുടെ അനാസ്ഥയ്ക്കെതിരെയും വ്യാപക പ്രതിഷേധമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: