മട്ടാഞ്ചേരി: ദിവസക്കൂലിയിലടക്കം ശുചീകരണമേഖലയില് തൊഴിലെടുക്കുന്നവരെ കൊച്ചിന് കോര്പ്പറേഷന് സ്ഥിരനിയമനം നല്കി. 25 വര്‍ഷംവരെ ജോലിയെടുത്ത 204 ഓളം സിഎല്‍ആര്‍ തൊഴിലാളികളെയാണ് 2015 ജനുവരി 1 മുതല്‍ സ്ഥിരനിയമനം നല്‍കിയതെന്ന് ആരോഗ്യവിഭാഗം സ്ഥിരംസമിതി ചെയര്മാന് ടി. കെ. അഷറഫ് പറഞ്ഞു. നിലവില്‍ കരാര്‍-ദിവസക്കൂലി വിഭാഗം ജീവനക്കാരായി പരിഗണിച്ചിരുന്ന 50 വയസ്സ് പിന്നിട്ടവര്ക്കുവരെ പുതിയ നിയമനത്തിന്റെ ഗുണഫലം ലഭിക്കും.
സര്‍ക്കാര്‍ അനുകൂല്യങ്ങള്‍, പരിരക്ഷ, ആശ്രിതനിയമനം തുടങ്ങി വിവിധതല ഗുണഫലങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക. കൊച്ചിന് കോര്‍പ്പറേഷനില്‍ നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന മുന്നൂറോളം ഒഴിവുകളിലേക്കാണ് സിഎല്‍ആര്‍ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.
ആരോഗ്യവിഭാഗങ്ങളിലെ 21 സര്‍ക്കിളുകളിലായി നടന്ന പ്രത്യേക സമിതി സിറ്റിങ്ങും ചര്‍ച്ചകള്‍ക്കും ശേഷമാണ് നിയമനം നടത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള ഒഴിവുകള്‍ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കുമെന്നും ഇതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും അഷറഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: