ആലപ്പുഴ: റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി അഞ്ചുമുതല്‍ ഒമ്പതുവരെ ചേര്‍ത്തലയില്‍ നടക്കും. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ടൗണ്‍ എല്‍പി സകൂള്‍, എന്‍എസ്എസ് ഹാള്‍ എന്നിവിടങ്ങളിലെ പത്തുവേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 11 ഉപജില്ലകളില്‍ നിന്നുള്ള അയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുക. ജനറല്‍ വിഭാഗത്തില്‍ 208 ഇനങ്ങളിലും സംസ്കൃതവിഭാഗത്തില്‍ 38ഉം അറബിക് വിഭാഗത്തില്‍ 28 ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുക. അപ്പീലുകള്‍ വര്‍ധിച്ചതിനാല്‍ ചില മത്സരങ്ങളുടെ വേദികളിലും ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ 150ലധികം അപ്പീലുകളാണ് ലഭിച്ചിട്ടുള്ളതെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബാന്ഡുമത്സരം തിരുനെല്ലൂര്‍ ഗവ. എച്ച്എസ്എസിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചിന് രാവിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറസക്ടര് ജിമ്മി കെ.ജോസ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവം ആരംഭിക്കും. തുടര്‍ന്ന് രചനാമത്സരങ്ങള്‍. വൈകിട്ടു 3.30നു ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും കലോത്സവത്തിനു മുന്നോടിയായുള്ള ഘോഷയാത്രയുമുണ്ടാകും. ശ്രീനാരായണ മെമ്മോറിയല്‍ ബോയ്സ് എച്ച്എസ്എസില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കലോത്സവം ഉദ്ഘാടനം ചെയ്യും.
നടന്മാരായ ഹരിശ്രീ അശോകന്, മോഹന്‍ പാണാവള്ളി വിശിഷ്ടാതിഥികളായിരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ എ.എം. ആരിഫ്, ജി. സുധാകരന്, പി.സി. വിഷ്ണുനാഥ്, കളക്ടര്‍ എന്‍. പത്മകുമാര്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ എം.ഡി. മുരളി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, കെ.ജി. രാജേശ്വരി, അഡ്വ. കെ.ജി. സണ്ണി, ലതികാ പ്രസന്നന്, ഫാ. ജോസ് ഇടശേരി, ഡിഇഒമാരായ ഇ. രമണി, വി. അശോക്കുമാര്, ഇ. ഉഷ, കെ. ജയ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഒമ്പതിനു വൈകിട്ടു മൂന്നിനു നടക്കുന്ന സമാപനസമ്മേളനം കെ.സി. വേണുഗോപാല്‍ എംപിയാണ് ഉ്ദ്ഘാടനം ചെയ്യുക. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അദ്ധ്യക്ഷത വഹിക്കും. പി. തിലോത്തമന് എംഎല്‍എ സമ്മാനദാനം നടത്തും. എംഎല്‍എമാരായ തോമസ് ഐസക്, തോമസ് ചാണ്ടി, ആര്. രാജേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ സുവനീര്‍ പ്രകാശനം നടത്തും. ഡിഇഒമാരായ പി. ഗീതാകുമാരി, കെ.ആര്. രമാദേവി, ചേര്‍ത്തല എഇഇ എം.വി. സുഭാഷ്, കെ. മജീദ് എന്നിവര്‍ പ്രസംഗിക്കും.
പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലോത്സവത്തിനുള്ള ഭക്ഷണപ്പുരയൊരുക്കുന്നത്. സെന്റ് മേരീസ് ഗേള്‍സിലാണ് അഞ്ചുനിരകളിലായി കൗണ്ടറുകളിലാണ് ഭക്ഷണവിതരണം ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനം ദിവസം വിവിധ വേദികളിലായി ചവിട്ടുനാടകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, അറബി ചിത്രീകരണം, വിവിധ രചനാ മത്സരങ്ങള്‍ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ജോയി ആന്റണി, പി.ബി. ജോസി, പി.പി.എ. ബക്കര്‍, ഐ. ഹുസൈന്, ഡി. ബാബു, ആര്. മനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: