എല്ലാ വായനക്കാര്‍ക്കും നന്മയുടെയും പ്രത്യാശയുടെയും പുതുവത്സരാശംസകള്‍. പുതിയ വര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തവര്‍ അനവധി. അങ്ങനെചെയ്യാത്തവര്‍ അതിലും അനവധി. ഒരു പ്രതിജ്ഞയും ചെയ്യാതെ നേരാംവണ്ണം പോകുന്നവര്‍ ശതവധി. പ്രയോഗിക്കാമോ എന്ന് സംശയമുള്ളവര്‍ക്ക് കിടക്കട്ടെ ഒന്നങ്ങനെ എന്ന് മറുപടി. ഏതായാലും ആരെയും കാത്തു നില്‍ക്കാതെ കാലം കടന്നുപോകുന്നു. അതിന്റെ കാലൊച്ചയില്‍ ചെവിചേര്ത്ത് നമുക്കും മുമ്പോട്ടുപോകുകയത്രെ കരണീയം.
എവിടെനീ പോയാലുമെന്റെയുണ്ണീ
നെഞ്ചില്‍ നീ ചാഞ്ഞുകിടക്കയല്ലേ
എന്ന് ഒരമ്മ മകനെയോ മകളെയോ ഓര്‍ത്ത് ആശ്വാസം കൊള്ളുന്നതുപോലെ ലോകത്തെ ഏത് കോണില്‍, എന്ത് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാലും മനസ്സിലെ നന്മക്കു പൂത്തുവിടരാനുള്ള അവസരം ഒരുക്കിക്കൊടുക്കുക. ശാന്തിയും സമാധാനവും സംതൃപ്തിയും അതിന്റെ പിന്നാലെ ശോഭയാത്രയായി വരും.
പുതുവര്‍ഷത്തിന് മൂന്ന് നാള് മുമ്പ് കാരുണ്യത്തിന്റെ കടലാഴമുള്ള മാതാ അമൃതാനന്ദമയി മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ പുതുവര്‍ഷത്തെക്കുറിച്ച് പറയുന്നുണ്ട്. ജീവിതത്തെ പൂന്തോപ്പിനോടുപമിച്ച് അമ്മ ചൂണ്ടിക്കാട്ടുന്നു.: ഇലകള്‍ കരിയുന്നതും പൂക്കള്‍ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്. പഴമയുടെ ജീര്‍ണതകളെ അപ്പോഴപ്പോള്‍ മാറ്റിയാല്‍ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ട് ഭംഗിയാര്‍ന്ന ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ നമുക്കു കഴിയുകയുള്ളു. അതിനാല്‍ കഴിഞ്ഞ കാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമുക്ക് അടര്‍ത്തിക്കളയം. ക്ഷമിക്കേണ്ടതു ക്ഷമിക്കാം. മറക്കേണ്ടതു മറക്കാം. പുതിയൊരു ഉണര്‍വോടെ ജീവിതത്തെ പുല്കാം. അങ്ങനെ പുല്കുന്ന അവസരത്തില്‍ നമ്മുടെ ഹൃദയം എങ്ങനെയായിരിക്കണം? ഒരു ശത്രുവിനെ (അങ്ങനെയുണ്ടെങ്കില്‍) സമാധാന മാര്‍ഗം കൈക്കൊണ്ട് മിത്രമാക്കുകയും മൂന്നുപേരെ ശത്രുക്കളാക്കുകയും ചെയ്യുന്നതുകൊണ്ട് പ്രയോജനമുണ്ടോ? അമ്മ തുടര്‍ന്ന് സൂചിപ്പിക്കുന്നതും കൂടി കേള്‍ക്കുക: കാരുണ്യമുള്ള ഒരു ഹൃദയം വളര്‍ത്തിയെടുക്കാന്‍ നമ്മള് ശ്രമിക്കണം. ലോകത്തിന്റെ നന്മയ്ക്കായി സേവനമനുഷ്ഠിക്കാനുള്ള ഒരു മനസ്സ് നാം സമ്പാദിക്കണം. പലരും കണ്ണടച്ചു ധ്യാനിക്കുന്നത് മൂന്നാം കണ്ണ് തുറക്കുന്നതിനു വേണ്ടിയാണ്. രണ്ടു കണ്ണും തുറന്നിരിക്കെത്തന്നെ സര്‍വ ജീവജാലങ്ങളിലും നമ്മെത്തന്നെ ദര്‍ശിക്കാന്‍ കഴിയുക എന്നതാണ് ആത്മസാക്ഷാത്കാരം. മഹദ്വചനങ്ങളുടെ മഹാ പ്രവാഹത്തിന്റെ വക്കത്ത് നിസ്സഹായമായി കണ്ണീര് വാര്‍ത്തുകഴിയുന്ന മനുഷ്യത്വത്തെ കാണാത്ത ആത്മസാക്ഷാത്ക്കാരത്തിന് അതിലെ അക്ഷരത്തിന്റെ വില പോലും ഉണ്ടാകില്ലെന്ന് അറിയാത്തവര്‍ക്ക് അമ്മയുടെ ഉപദേശം പലകുറി വായിക്കാം, ചിന്തിക്കാം, മനനം ചെയ്യാം.
ആത്മസാക്ഷാത്ക്കാരത്തിന്റെ വഴികളെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും മനുഷ്യത്വത്തിന്റെ മഹാസന്ദേശം അറിയുന്ന രണ്ടു പേരെക്കുറിച്ച് മാതൃഭൂമി (ഡിസം.28) എഴുതുന്നു. ആര്യമഹര്‍ഷിയും ഭാര്യ സിമിയുമാണ് ആ രണ്ടുപേര്‍. രണ്ട് നവയൗവനങ്ങളുടെ ജീവിതത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ തങ്ങളുടെ ഓരോ വൃക്ക ദാനം ചെയ്തവരാണിവര്‍. തൃശൂരില്‍ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ നേതൃത്വം നല്കുന്ന കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശേഷമാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവം ദാനം ചെയ്ത് മാതൃക കാണിക്കണമെന്ന് ആര്യമഹര്‍ഷിയും ഭാര്യയും തീരുമാനിച്ചത്. തുടര്‍ നടപടികളുടെ ഫലമായി രണ്ടുപേരെ കണ്ടെത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ ഓപ്പറേഷനിലൂടെ വൃക്ക വെച്ചുപിടിപ്പിച്ചു. വൃക്കദാനത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നയുടനെ ഒരുപാടു പേര് ലക്ഷങ്ങളുമായി ഇരുവരെയും സമീപിച്ചിരുന്നു. എന്നാല്‍ നിര്‍ദ്ധനരായവര്‍ക്ക് മാത്രമേ ആയത് നല്‍കൂ എന്ന ശാഠ്യത്തില്‍ മഹര്‍ഷിയും ഭാര്യയും ഉറച്ചു നിന്നു. ഫലമോ പൂന്തുറ സ്വദേശിനി ജീവ സി ക്രൈസിസ്, അങ്കമാലി സ്വദേശി നോബിള്‍ ജോസ് എന്നിവര്‍ കാരുണ്യത്തിന്റെ പച്ചത്തുരുത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നു. ദൈവം കൊടുത്ത, ഒരു പ്രശ്നവുമില്ലാത്ത അവയവങ്ങള്‍ തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കാന്‍ കരുത്തുള്ളവര്‍ നാടൊട്ടുക്കും ആര്‍ത്തട്ടഹസിച്ച് നടക്കുമ്പോള്‍ ആര്യമഹര്‍ഷിയും ഭാര്യ സിമിയും ദൈവത്തിന്റെ അവതാരങ്ങളായി വാഴ്ത്തപ്പെടേണ്ടവരല്ലേ? ദാനം തന്നെ ധ്യാനം എന്ന തലക്കെട്ടില്‍ പി. എസ്. ഷാഹിന്‍ ചെയ്തതും പുണ്യ പ്രവൃത്തി തന്നെ.
ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാ നിങ്ങക്കെന്താ എന്ന ചോദ്യം മുഴങ്ങിക്കേള്‍ക്കുമ്പോള്‍ എന്തോ ഒരസ്വസ്ഥത തോന്നാറില്ലേ? ഇപ്പോള്‍ അതിനെക്കാള്‍ വലിയ അസ്വസ്ഥതയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നു. സാധാരണക്കാരന്റെ ആവേശമായ പാര്‍ട്ടിയെന്ന് അതിന്റെ നേതാക്കള്‍ ആവേശം കൊള്ളുന്ന പാര്‍ട്ടിയുടെ തലയും ഉടലും വേര്‍പെടുത്താന്‍ അണികള്‍ തന്നെ ആവേശപൂര്‍വം രംഗത്തു വരുന്നു. അതിന്റെ നേതൃത്വം ആര്‍ക്കുവേണമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. നാട്ടിലുള്ള അന്യപാര്‍ട്ടിക്കാരെയും അനുഭാവികളെയും കൊത്തിയരിഞ്ഞ് അരിശം തീര്‍ത്തവര്‍ സ്വന്തം പാര്‍ട്ടിക്കു നേരെ വാള് വീശിത്തുടങ്ങിയെങ്കില്‍ സൂക്ഷിക്കുക. ആദര്‍ശം ഒടുവില്‍ അപഹാസ്യമായി മാറും എന്നാണല്ലോ. ആലപ്പുഴയിലെ വാരിക്കുന്തത്തിന്റെ ലക്ഷ്യം അന്ന് ശത്രുവിന്റെ നെഞ്ചായിരുന്നുവെങ്കില്‍ ഇന്ന് മിത്രത്തിന്റെ തലയായിരിക്കുന്നുവെന്ന വ്യത്യാസമേയുള്ളു. അസഹിഷ്ണുതയുടെ വൈറസുകള്‍ പല രൂപത്തില്‍ ആക്രമണം നടത്താറുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ പോലും താളം തെറ്റിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിയുന്നുണ്ടെങ്കില്‍ നമുക്ക് ഒരു ആപ്തവാക്യത്തിന്റെ മറപറ്റി രക്ഷപ്പെടാം. വാളെടുത്തവന്‍ വാളാലെ. ഒന്നുകൂടി സ്കാന്‍ ചെയ്താല്‍ വെട്ടിനിരത്തിയവന്‍ വെട്ടി നിരത്തപ്പെടുമ്പോള്‍. പ്രായമാകുമ്പോള്‍ പ്രാന്താകുമെന്ന് ഒരു നാട്ടുപ്രയോഗമുണ്ട്. വണ്‍ടുത്രീ ഫെയിം ഇടുക്കിയിലെ മണിയാശാന് എതായാലും ആ നാട്ടുപ്രയോഗത്തിന്റെ ലഹരി എടുത്തു പ്രയോഗിച്ചിട്ടുണ്ട്. പിന്നെ ഇതിലൊക്കെ ഒരു ലോജിക്ക് ഒളിഞ്ഞു കിടപ്പുണ്ട്. സ്വന്തക്കാരെ രക്ഷിക്കാത്ത ഒരു തത്വശാസ്ത്രത്തിനും നിലനില്‍പ്പില്ല. സ്വന്തം തത്വത്തിനും ഒരു ശാസ്ത്രമുണ്ടല്ലോ. അതിന്റെ പിന്‍ബലമാണ് വെട്ടി നിരത്തലിന്റെ മൂത്താശാന്റെ ആകെയുള്ള സ്വത്ത്. ആ സ്വത്തിന്റെ പങ്കുപറ്റാന്‍ ടിയാന് ആരെയും അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ബന്ധപ്പെട്ടവരോട് എത്ര ക്ലീനായാണ് വെച്ചുകാച്ചുന്നത് !
മൊഴിയേറ്
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം മാറ്റണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല.
പിണറായി വിജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: