തലശ്ശേരി: ജില്ലാ റവന്യൂ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം നാളായ ഇന്നലെ നടന രാഗഭാവതളലയങ്ങളാല് മോഹനം. ഒന്നാം വേദിയായ ബിഇഎംപി സ്കൂളില്‍ ഇന്നലെ രാവിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ഭരതനാട്യ മത്സരം നടന്നു.
കാഴ്ചക്കാര്‍ കുറവായിരുന്നുവെങ്കിലും മത്സരത്തില്‍ മാറ്റുരച്ച വിദ്യാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം വേദിയായ ഗവ.ബ്രണ്ണന്‍ സ്കൂളില്‍ യുപി, ഹൈസ്കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരങ്ങളും സംഘനൃത്തമത്സരവും അരങ്ങേറി. ഇരു മത്സരങ്ങളും നിറഞ്ഞ വേദിയിലാണ് നടന്നത്. മൂന്നാം വേദിയായ സ്റ്റേഡിയത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരങ്ങള്‍ അരങ്ങേറി. നാലാം വേദിയായ സ്റ്റേഡിയത്തില്‍ വട്ടപ്പാട്ടും ഗവ എല്‍പി സ്കൂളില്‍ മൂകാഭിനിയവും സ്കിറ്റും നടന്നു. സേക്രട്ട് ഹാര്‍ട്ട് ഗേള്‍സില്‍ തബല, മൃദംഗം, മദ്ദളം, ട്രിപ്പിള്‍ ജാസ് എന്നിവയും സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ ലളിതഗാന മത്സരങ്ങളുമാണ് അരങ്ങേറിയത്. നൃത്തനൃത്യങ്ങള്‍ അരങ്ങേറിയ വേദികളിലും നാടകവേദികളിലും ഒഴികെ മറ്റ് വേദികളിലെല്ലാം തന്നെ കാണികളെക്കാള്‍ ഒഴിഞ്ഞ കസേരകളായിരുന്നു കാണാന്‍ കഴിഞ്ഞത്.
ഇന്ന് രാവിലെ പ്രധാന വേദിയായ ബിഇഎംപി സ്കൂളില്‍ പരിചമുട്ടുകളി, മാര്‍ഗ്ഗം കളി, ചവിട്ടുനാടകം എന്നിവ നടക്കും. ഗവ ബ്രണ്ണന്‍ സ്കൂളില്‍ നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കുടിയാട്ടം, യക്ഷഗാനം എന്നിവയും സെന്റ് ജോസഫ്സില്‍ മോണോ ആക്ടും സ്റ്റേഡിയത്തിലെ മൂന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം നാടകവും നാലാം വേദിയില്‍ വഞ്ചിപ്പാട്ടും നാടന്‍ പാട്ടും അരങ്ങേറും.
തലശ്ശേരിക്ക് കലയുടെ രാപ്പകലുകള്‍ സമ്മാനിച്ചുകൊണ്ട് രണ്ടു ദിവസമായി നടന്നുവരുന്ന ജില്ലാ കലോത്സവത്തിന് നാളെ വൈകുന്നേരത്തോടു കൂടി തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: