തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ മന്ത്രി വി.എസ്. ശിവകുമാര്‍ വ്യാജപ്രചാരണമാണ് നടത്തുന്നതെന്ന് ബിജെപി വക്താവ് വി.വി.രാജേഷ് പറഞ്ഞു. എയിംസ് സ്ഥാപിക്കാനുള്ള സ്ഥലത്തെക്കുറിച്ച് ചില പേരുകള്‍ മാത്രമാണ് കേന്ദ്രത്തിന് നല്‍കിയത്. സ്ഥലത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും അത് ഇനിയും നല്കാന് സംസ്ഥാനം തയ്യാറായിട്ടില്ല. കേന്ദ്രം നിര്‍ദ്ദേശിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏതെന്നു നിശ്ചയിക്കുകയാണ് വേണ്ടതെന്നും രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.
ചില സ്ഥല പേരുകള്‍ മാത്രം കേന്ദ്രത്തെ അറിയിച്ച സംസ്ഥാന സര്‍ക്കാര്‍ എയിംസ് നേടിയെടുക്കുന്നതിനുള്ള തുടര്‍ സമ്മര്‍ദ്ദങ്ങള്‍ക്കും തയ്യാറായിട്ടില്ല. എയിംസ് കേരളത്തില്‍ സ്ഥാപിക്കുകയെന്നത് സംസ്ഥാന വികസനത്തിന്റെ നിര്‍ണ്ണായക ഘട്ടമാണ്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ പദ്ധതിയായി കണ്ട് അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ദുഃഖകരമാണ്. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രസ്താവനയിറക്കിയ മന്ത്രി ശിവകുമാര്‍ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളെ ഒരുമിച്ചു നിര്‍ത്തി എയിംസ് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ലെന്നും വി.വി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: