ശബരിമല: ശുചിത്വമില്ലെങ്കില്‍ വിശുദ്ധിയില്ലെന്നും വ്രതത്തിന്റെ അടിസ്ഥാനം വിശുദ്ധിയാണെന്നും വിശ്വഹിന്ദുപരിഷത്ത് ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശബരിമല ശുചീകരണം പമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധിയുള്ളിടത്താണ് ഈശ്വരചൈതന്യം കുടികൊള്ളുന്നത്. ഇതിനായി വ്യക്തികളും സമൂഹവും ശുചിത്വബോധമുള്ളവരാകണം.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. അതുകൊണ്ടുതന്നെ ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി വിലയിരുത്താവുന്നതാണ്.
പുണ്യനദിയായ പമ്പയുടെയും ശബരിമല പൂങ്കാവനത്തിന്റെയും വിശുദ്ധികാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്നത്. ഭരണതലത്തില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ശബരിമലയെ ശുചിയായി സംരക്ഷിക്കാന്‍ ഓരോ അയ്യപ്പ ഭക്തനും യത്നിക്കണം.
വ്രതശുദ്ധിയുടെ ഭാഗമായി കണക്കാക്കി ശബരിമലയുടെ തനത് ചൈതന്യവും പ്രകൃതിരമണീയതയും കാത്തുസൂക്ഷിക്കണമെന്നും പമ്പാ ആക്ഷന്‍പ്ലാന്‍ നടപ്പാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
സന്നിധാനത്ത് വിശ്വഹിന്ദുപരിഷത്ത് സംഘടനാസെക്രട്ടറി എം.സി. വത്സന് ശുചീകരണം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ സ്വാമി ചിന്മയാനന്ദന് മുന്നോട്ടുവെച്ച പുണ്യപൂങ്കാവനമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുക എന്നത് വിശ്വഹിന്ദു പരിഷത്തിന്റെ ദൗത്യമാണന്നും വരും വര്‍ഷങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ഉപാദ്ധ്യക്ഷന്‍ പി.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു, ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന്, സംസ്ഥാന സഹസേവാപ്രമുഖ് നാരായണനുണ്ണി എന്നിവര്‍ സംസാരിച്ചു. പമ്പമുതല്‍ സന്നിധാനം വരെയുള്ള രണ്ട് വഴികളും സന്നിധാന പരിസരവും ശുചീകരിച്ചു. അമ്മമാരടക്കം ആയിരത്തിലേറെ പ്രവര്‍ത്തകരാണ് ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തത്. സന്നിധാനത്ത് അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: