ആലപ്പുഴ: വനിതാ പോലീസിന്റെ ഭര്‍ത്താവിനോട് പാര്‍ക്കിങ് ഫീസ് വാങ്ങിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി അരുണ്‍കുമാറിനു 10,000 രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ആഭ്യന്തരവകുപ്പിനു നിര്‍ദ്ദേശം നല്കി. തുക നല്കിയ ശേഷം അനേ്വഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണം.
പത്രവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. അരുണ്‍കുമാറിന്റെ അമ്മ റഖീബാ ബാലചന്ദ്രനും പരാതി നല്‍കിയിരുന്നു. അരുണ്‍കുമാര്‍ ആലപ്പുഴ ബീച്ചില്‍ കനാല്‍ മാനേജ്മെന്റ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്ന പേ ആന്‍ഡ് പാര്‍ക്കില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരിയായ ജെസീന്തയുടെ ഭര്‍ത്താവില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കിയെന്ന് ആരോപിച്ചാണ് സൗത്ത് സ്റ്റേഷനിലെ എസ്ഐ: കൃഷ്ണകുമാര്‍ അരുണിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വിഷയത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇടപെട്ടിരുന്നു.
സംഭവത്തെ കുറിച്ച് കമ്മീഷന്റെ മുഖ്യഅനേ്വഷണ ഉദേ്യാഗസ്ഥന്, ഡിഐജി: എസ്. ശ്രീജിത്ത് അനേ്വഷണം നടത്തിയിരുന്നു. അരുണ്‍കുമാറിനെ ഉപദ്രവിച്ചിട്ടില്ലെന്ന് എതിര് കക്ഷികള്‍ മൊഴിനല്‍കി. എന്നാല്‍ സ്ത്രീയോട് ഫോണില്‍ മോശമായി സംസാരിച്ച കേസില്‍ അരുണിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് സംശയാസ്പദമാണെന്ന് കമ്മീഷന് കണ്ടെത്തി. അരുണ്‍കുമാറിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി എസ്. ശ്രീജിത്ത് കമ്മീഷനെ അറിയിച്ചു. അറസ്റ്റ് നടക്കുന്ന സമയം അരുണിന് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതു തെറ്റായ നടപടിയാണെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു.
അരുണ്‍കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി എത്രയും വേഗം പൂര്‍ത്തിയാക്കി അറിയിക്കണമെന്ന് ജില്ലാപോലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിനെ കുറിച്ച് സിഐ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ജില്ലാ പോലീസ് മേധാവിയും ആഭ്യന്തരവകുപ്പും സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: