തീരാത്ത സോളാര്‍ കഥ
സരിതയുടെയും രാധാകൃഷ്ണന്റെയും കാര്‍മ്മികത്വത്തില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ് സോളാര്‍ വിവാദം. വര്‍ഷമൊന്നു കഴിഞ്ഞിട്ടും അതുയര്‍ത്തിയ കോലാഹലം തീര്‍ന്നില്ല. ഈ ഫെബ്രുവരിയിലാണ് കേസിലെ പ്രതി സരിതാ നായര്‍ ജാമ്യത്തിലിറങ്ങിയത്. അതിനു ശേഷം, താന്‍ പല പേരുകളും പുറത്തുവിടുമെന്ന് അവര്‍ പറഞ്ഞെങ്കിലും ഒന്നുമുണ്ടായിട്ടില്ല. അതിനിടെ സരിതയുടെ ചില ദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ അവര്‍ പരാതി നല്‍കുകയും ഇതിന്റെ പേരില്‍ ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തു.
ബാറില്‍ തട്ടി ഉലയുന്ന സര്‍ക്കാര്‍
ബാര്‍ ലൈസന്‍സ് പുതുക്കുന്ന സമയത്ത് കൈക്കൊണ്ട ചില തീരുമാനങ്ങളും അതിനെച്ചൊല്ലി രണ്ടു വ്യക്തികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുമാണ് 2014ല്‍ കേരളത്തെ മലീമസമാക്കിയ ഒന്ന്. ബാറുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി അവയെ തരംതിരിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്തവയ്ക്ക് ഇനി ലൈസന്‍സ് നല്‍കേണ്ടെന്നും ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നും തീരുമാനിച്ചു. ഇത് ബാറുടമകള്‍ കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സൗകര്യങ്ങള്‍ ഇല്ലാത്ത ബാറുകള്‍ കോടതി ഉത്തരവു പ്രകാരം പൂട്ടിയത് ഇനി തുറക്കരുതെന്നായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സൗകര്യമൊരുക്കിയാല്‍ അനുമതി നല്‍കാമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ.ബാബുവും. ഈ നിലപാടുകള്‍ സര്‍ക്കാരും സുധീരനും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയത്. ഒടുവില്‍, തികച്ചും വ്യക്തിപരമായ, ഏറ്റുമുട്ടല്‍ വികലമായ ഒരു നയത്തിലേക്കാണ് എത്തിയത്.
ഒരു മുന്നറിയിപ്പുമില്ലാതെ, മുന്നണിയിലോ, പാര്‍ട്ടിയിലോ അറിയിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി യുഎഡിഎഫ് യോഗത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുകയായിരുന്നു. ഞായറാഴ്ച ഡ്രൈ ഡേയാക്കുക, വര്‍ഷം തോറും പത്തു ശതമാനം വച്ച് ബീവറേജസ് കോര്പ്പറേഷന് മദ്യവില്പനകേന്ദ്രങ്ങള് പൂട്ടുക, മുഴുവന്‍ ബാറുകളും പൂട്ടുക… ഇതായിരുന്നു നയം. സുധീരനെതിരെ ആഞ്ഞടിക്കാന്‍ കൊണ്ടുവന്ന നയം സുധീരനടക്കം സകലര്‍ക്കും വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നു. പുതിയ നയം കടുത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കി. ഇതിനിടെ കോടതി ഓരോ ബാറുകളായി തുറന്നു നല്കി. ഒടുവില്‍ ജനാഭിപ്രായത്തിന്റെ പേരില്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വന്തം മദ്യനയം തന്നെ സര്‍ക്കാര്‍ പൊളിച്ചെഴുതി. ഞായറാഴ്ത്തെ ഡ്രൈഡേ എടുത്തു കളഞ്ഞു. പൂട്ടിയവയടക്കം എല്ലാ ബാറുകള്‍ക്കും വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു.
കെപിസിസി പ്രസിഡന്റ് സുധീരനെതിരെ എംഎല്‍എമാരും നേതാക്കളും ഒറ്റക്കെട്ടായി, പ്രസിഡന്റ് ഒറ്റയ്ക്കായി എന്ന ഒരു പ്രത്യേകത കൂടി ഈ നയത്തിന്റെ മറവിലുണ്ടായി. സമരങ്ങളെല്ലാം വീര്യം ചോര്‍ന്നത്, വിവാദങ്ങളാകട്ടെ ലഹരി മൂത്തതും എന്നതാണവസ്ഥ.
ബാര്‍ കോഴയില്‍ കുരുങ്ങിയ മാണി
മദ്യനയത്തില്‍ വിവാദം കത്തിക്കയറുമ്പോഴാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ കെ.എം. മാണിക്കെതിരെ കോഴയാരോപണം പൊട്ടി വീണത്. ബാറുടമ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. മാണി അഞ്ചു കോടി ചോദിച്ചെന്നും ഒരു കോടി നല്‍കിയെന്നുമാണ് ബിജു വെളിപ്പെടുത്തിയത്. വിവാദം കൊടുമ്പിരികൊണ്ട സമയത്ത് മാണി രാജിവയ്ക്കേണ്ടിവരുമെന്ന തോന്നല്‍ വരെയുണ്ടായി. എന്നാല്‍ സിപിഎം മാണിയുമായി സഖ്യമുണ്ടാക്കാന്‍ വെമ്പുന്നകാലമായതിനാല് പ്രക്ഷോഭത്തില്‍ വലിയ ആത്മാര്‍ഥതയൊന്നും ഉണ്ടായിരുന്നില്ല. ആരോപണം ഒടുവില്‍ വിജിലന്‍സ് കേസായി. മാണി ഒന്നാം പ്രതിയായി കേസ് ഇപ്പോള്‍ നടക്കുകയാണ്. പ്രക്ഷോഭം എങ്ങുമെത്താതെ നിലച്ചു.
അഴിമതിയുടെ കുത്തൊഴുക്ക്
മാണിക്കെതിരായ ആരോപണം മാത്രമല്ല കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി വാങ്ങിയെന്നായിരുന്നു ആരോപണമെങ്കില്‍ കോടികളുടെ സോളാര്‍ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ഹയര്‍സെക്കണ്ടറി അനുവദിച്ചതിലെ അഴിമതിയായിരുന്നു വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിനെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. ലക്ഷങ്ങള്‍ വാങ്ങി പല സ്കൂളുകള്‍ക്കും പ്ലസ് വണ്‍ അനുവദിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. പരാതികള്‍ വിജിലന്‍സിന് നല്‍കിയെങ്കിലും അവര്‍ കേസ് എടുത്ത് അന്വേഷിച്ചില്ല.
ഇഫ്താറിന് പണപ്പിരിവ്
ഇഫ്താര്‍ വിരുന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അഞ്ചു ലക്ഷം പിരിച്ചെന്ന ആരോപണമാണ് റബ്ബിനെതിരെഉയര്ന്ന മറ്റൊരു ആരോപണം. ഒടുവില്‍ താന്‍ പണം പിരിച്ചെന്ന് റബ്ബ് സമ്മതിച്ചു, തിരികെക്കൊടുക്കുമെന്നും പ്രഖ്യാപിച്ചു. മന്ത്രി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിക്കുക, ഇത് സമ്മതിക്കുക, തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിക്കുക. ഇത് അഴിമതിയായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കുട്ടിക്കടത്ത്
കുട്ടിക്കടത്താണ് വിവാദമായ മറ്റൊന്ന്. ഝാര്‍ഖണ്ഡിലെ പാവപ്പെട്ട വീടുകളില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളില്‍ എത്തിച്ച് ഇവരെ പഠിപ്പിക്കാന്‍ കൊണ്ടുവന്നതാണെന്ന് വ്യാജരേഖ ചമച്ച്, അതിന്റെ മറവില്‍ വന്‍തോതില്‍ പണം തട്ടുക. ഇതാണ് കാലങ്ങളായി നടന്നുവന്നിരുന്നത്. ഇത് കൈയോടെ പിടിച്ചിട്ടും ഇവയ്ക്ക് ചുക്കാന്‍ പിടിച്ച ലീഗ് നേതാക്കള്‍ക്കെതിരെയോ അവരുടെ നേതൃത്വത്തില്‍ നടത്തുന്ന യത്തീംഖാനയ്ക്ക് എതിരെയോ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല കോടതിയിയില്‍ ഇതു സംബന്ധിച്ച കേസില്‍ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതും. സിബിഐ അന്വേഷണത്തിനു പോലും സര്‍ക്കാര്‍ തടയിട്ടു.
മരാമത്തിലെ മറിമായം
മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഉയര്‍ന്നതും വലിയ ആരോപണമായിരുന്നു. മറ്റാരുമല്ല മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ് നേതാവുമായ ഗണേഷ് കുമാറാണ് ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് നിയമസഭയില്‍ ആരോപിച്ചത്. അഴിമതിക്കാരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫിന്റെ പേരും ഗണേഷ് വെളിപ്പെടുത്തി.
ഇത് വന്‍വിവാദമായെങ്കിലും ആര്‍ക്കുമെതിരെ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല ആരോപണം ഉന്നയിച്ച ഗണേഷിനെ യുഡിഎഫ് യോഗങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു.
മാറാട്ടെ സൂരജ്
ലീഗിന്റെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ. സൂരജിന്റെ വന്‍ ക്രമക്കേടുകളാണ് ഏറ്റവും കോളിളക്കമുണ്ടാക്കിയ ഒന്ന്. മാറാട് കൂട്ടക്കൊലക്കേസില്‍ ആരോപണവിധേയനായ, അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഇയാള്‍.
വരുമാനത്തില്‍ കവിഞ്ഞ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇയാള്‍ ഉണ്ടാക്കിയെന്നാണ് വിജിന്‍സ് കണ്ടെത്തല്‍. കോടികള്‍ വിലമതിക്കുന്ന നിരവധി ഫ്ളാറ്റുകളും, അക്കൗണ്ടുകളും നിക്ഷേപങ്ങളും വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു, ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട എസ്പി: രാഹുല്‍ ആര്. നായര്‍, എസ്പി: മനോജ് ഏബ്രഹാം എന്നിവക്കെതിരെയും കോഴ, അനധികൃത സ്വത്തു കേസുകളില്‍ വിജിലന്‍സ് അന്വേഷിച്ചുവരികയാണ്.
സീറ്റും കാശും
പേയ്മെന്റ് സീറ്റുവിവാദം ഇടതു മുന്നണിയെ കുലുക്കിയുലച്ചതും നാം കണ്ടു. സിപിഐയ്ക്ക് ലഭിച്ച തിരുവനന്തപുരം സീറ്റില്‍ സിഎസ്ഐ സഭയിലെ ഉന്നതന് ബെന്നറ്റ് ഏബ്രഹാമാണ് മല്‍സരിച്ചത്. ഇയാള്‍ ഒരു കോടി നല്‍കിയാണ് സീറ്റു സ്വന്തമാക്കിയതെന്നായിരുന്നു കണ്ടെത്തിയത്. ഇതേച്ചൊല്ലിയുണ്ടായ വിവാദത്തിനിടയില്‍ സിപിഐ ജില്ലാ സെക്രട്ടറിക്ക് സ്ഥാനം പോയി.
ആര്‍എസ്പിയും പരനാറിയും
ആര്‍എസ്പിയുടെ മുന്നണിമാറ്റവും പരനാറി വിവാദവുമാണ് മറ്റൊന്ന്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പൊതുയോഗത്തില്‍ ആര്‍എസ്പി നേതാവും സ്ഥാനാര്‍ത്ഥിയുമായ എന്‍കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചതാണ് അസ്വസ്ഥത വിളിച്ചുവരുത്തിയത്. ഇതിന്റെ ഫലമായി ആര്‍എസ്പി ഇടതു മുന്നണി വിട്ടു. മാത്രമല്ല കൊല്ലത്ത് പ്രേമചന്ദ്രന് വിജയിക്കുകയും സിപിഎമ്മിന്റെ വമ്പന്‍ നേതാക്കളില്‍ ഒരാളായ എം.എ. ബേബി തോറ്റുതൊപ്പിയിടുകയും ചെയ്തു,.
ആറന്മുളയിലെ പോരാട്ടം
ആറന്മുള വിമാനത്താവള വിരദ്ധ സമരത്തിന്റെ ആവേശകരമായ വിജയമാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ കേരള സാമൂഹ്യ സംഭവങ്ങളിലൊന്ന്.
ആറന്മുളയുടെ മണ്ണും വിണ്ണും മനസും, ശരീരവും എല്ലാം മലിനപ്പെടുത്താനും അവയെല്ലാം വികസനത്തിന്റെ പേരില്‍ പിടിച്ചെടുക്കാനുമുള്ള, സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ശ്രമമാണ് അവിടുത്തെ ജനങ്ങള്‍, ആറന്മുള കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍, പരാജയപ്പെടുത്തിയത്. പരിസ്ഥിതി നിയമങ്ങള്‍ അടക്കം സകല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ആറന്മുളയില് വിമാനത്താവളത്തിന് നീക്കം നടത്തിയിരുന്നത്. ഒടുവില്‍ ഹരിത ട്രിബ്യൂണലും കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും തങ്ങള്‍ക്ക് അനുകൂലമായതോടെ ജനങ്ങള്‍ക്ക് വലിയ വിജയം കൈവരികയായിരുന്നു. മുന്‍പ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നല്കിയ അനുമതികളെല്ലാം റദ്ദാക്കാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
നില്‍പ്പ് സമരം
അന്യാധീനപ്പെട്ട ഭൂമി മടക്കി ലഭിക്കാനുള്ള ആദിവാസികളുടെ നില്‍പ്പ് സമരം ചരിത്രം കുറിച്ച വിജയത്തിലാണ് എത്തിയത്. ആദ്യമൊക്കെ സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും ഇതിന് വലിയ പ്രാധാന്യം നല്കിയില്ലെങ്കിലും ധീരമായ പോരാട്ടത്തിന്റെ വീര്യം അവര്‍ കുറച്ചില്ല. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ സമരം നീണ്ടു. തെല്ലും വാടിയില്ല, കാട്ടുമൃഗങ്ങളെയും രോഗങ്ങളെയും ദാരിദ്ര്യത്തെയും വെല്ലുവിളിച്ച് ജീവിക്കുന്ന അവരുടെ ശൗര്യം. ഒടുവില്‍ സര്‍ക്കാരിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവന്നു.
എല്ലാം അഡ്ജസ്റ്റ്മെന്റ്
കേരളം കണ്ട നെറികെട്ട സമരങ്ങളായിരുന്നു സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടന്നത്. സോളാര്‍ സമരം പാതിവഴിക്ക് അവസാനിപ്പിച്ചു. പിന്നീട് നടത്തിയ പ്രക്ഷോഭങ്ങളൊന്നും പച്ചതൊട്ടില്ല. എല്ലാ പ്രക്ഷോഭങ്ങളിലും സര്‍ക്കാരുമായി ഉണ്ടാക്കിയ ചില രഹസ്യധാരണകള്‍ മണക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ സമരങ്ങളുടെ പരാജയങ്ങളെ ന്യായീകരിച്ചു നില്‍ക്കുകയായിരുന്നു പാര്‍ട്ടി. എന്നാല്‍ എന്നാല്‍ എല്ലാം വെറും അഡ്ജസ്റ്റ്മെന്റ് സമരങ്ങളായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സിപിഐ രംഗത്തു വന്നതോടെ സിപിഎമ്മിന്റെ മുഖംമൂടി പിച്ചിക്കീറിയ അവസ്ഥയായി.
തരൂര്‍ വിവാദം
ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം കോണ്‍ഗ്രസ് നേതാവുകൂടിയായ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കി. ദല്‍ഹിയില്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അവരെ.
വിഷം, അതും ഏതുതരം വിഷമാണെന്നു കണ്ടെത്താന്‍ ഭാരതത്തില്‍ സംവിധാനം കൂടിയില്ലാത്ത വിഷം, ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതോടെ തരൂര്‍ വെട്ടിലായിരിക്കുകയാണ്.
പക്ഷിപ്പനി
ഇതാദ്യമായി കേരളത്തില്‍ പക്ഷിപ്പനിയും വിരുന്നെത്തി. ആലപ്പുഴയിലും കോട്ടയം ജില്ലയിലെ ചില സ്ഥലങ്ങളിലുമാണ് പനി താറാവുകളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷിപ്പനിക്കൊപ്പം ഭീതിയും കൂടി പടര്‍ന്നതോടെ പൊലിഞ്ഞത് രണ്ടര ലക്ഷം താറാവുകളുടെയും കോഴികളുടേയും ജീവനുകളാണ്. പ്രത്യേക സംഘങ്ങള്‍ ഇവയെ കൊന്നൊടുക്കുകയായിരുന്നു.
ഭൂമി തട്ടിപ്പ്
മുഖ്യമന്ത്രിയുടെ ഗണ്മാന് സലിം രാജിന്റെ നേതൃത്വത്തില്‍ നടന്ന കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകള്‍ കേരളം കണ്ട വലിയ രണ്ട് ചതികളുടെ കഥയാണ്. തണ്ടപ്പേരുകള് വരെ തിരുത്തി സലിം രാജും ശിങ്കിടികളും ഭൂമി സ്വന്തമാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയത്തിന്റെ മുള്‍മുനയിലാക്കി.
മനോജ് വധം
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിന്റെ വധം സിപിഎം കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി. ടി പി വധക്കേസുമായി ബന്ധുള്ളവരാണ് മനോജ് വധവും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഉന്നതങ്ങളിലേക്ക് നീളുന്ന ഗൂഢാലോചന അന്വേഷിക്കാനും ബന്ധപ്പെട്ടവരെ പിടിക്കാനും സംസ്ഥാന പോലീസിന് കഴിഞ്ഞില്ല, കഴിയുകയുമില്ല. അതാണ് കേരളത്തിലെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം. ഏതായാലും സിബിഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വൈകാതെ പലപ്രമുഖരും കേസില്‍ കുടുങ്ങുന്നത് നമുക്ക് കാണാം.
കൃഷ്ണയ്യരും രാഘവനും
നീതിയുടെ പ്രകാശ ഗോപുരമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ വിയോഗം വലിയ നഷ്ടം തന്നെയാണ്. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്ന, പിന്നീട് സുപ്രീം കോടതി ജഡ്ജിവരെയായ അദ്ദേഹം പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും എന്നും തണലായിരുന്നു. അവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ എന്നും മുന്നിലായിരുന്നു. നൂറാം ജന്മദിനം ആഘോഷിച്ച ശേഷമാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ അതികായന്മാരില് ഒരാളായിരുന്നു മണ്മറഞ്ഞ എം.വി. രാഘവന്. ഒരിക്കല്‍ ഇടതു രാഷ്ട്രീയത്തിലെ കരുത്തനായിരുന്നു. ബദല്‍ രേഖയുടെ പേരില്‍ ഒടുവില്‍ പുറത്തു പോകേണ്ടിവന്നു. സിഎംപിയെന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മിനെ വെല്ലുവിളിച്ച അദ്ദേഹം യുഡിഎഫില്‍ ചേക്കേറി. മുന്നണി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പലകുറി മന്ത്രി പദവി വഹിച്ചു. അവസാനനാളില്‍ പാര്‍ട്ടി പിളരുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവന്നു.
കൃഷ്ണപിള്ളയും സ്വന്തം സഖാക്കളും
പലപാര്‍ട്ടികളിലും ചേരിപ്പോരുണ്ട്. കൂട്ടയടി നടക്കുന്ന പാര്‍ട്ടികള്‍ പോലുമുണ്ട്. എന്നാല്‍ പോരു മൂത്ത് സ്വന്തം നേതാവിന്റെ സ്മാരകം കത്തിക്കുക-അത് സിപിഎമ്മിനു മാത്രം അവകാശപ്പെട്ടയൊന്നാണ്. ചേര്‍ത്തലയിലെ സഖാവ് കൃഷ്ണ പിള്ള സ്മാരകം സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചെന്നായിരുന്നു ആദ്യമൊക്കെ ആരോപിച്ചിരുന്നത്. പതുക്കെ പതുക്കെ സത്യം പുറത്തുവന്നു. സഖാക്കള്‍ തന്നെയാണത് ചെയ്തത്. അക്രമികള്‍ ചില്ലറക്കാരുമല്ല വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷ് ചന്ദ്രനാണ് ഒന്നാമന്. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളാണ് മറ്റുള്ള പ്രതികളും. സത്യം പുറത്തുവന്നതോടെ പാര്‍ട്ടി നാണക്കേടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: