ബുദ്ധിയിലും വിദ്യാഭ്യാസത്തിലും മലയാളികള്‍ മുന്നിലാണെന്നാണ് പൊതുവായ സങ്കല്പം. രണ്ടുനേരം കുളിക്കുകയും ഒന്നിലധികം പത്രങ്ങള്‍ വായിക്കുകയും ചെയ്യുന്ന മലയാളികളുടെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എങ്ങോട്ട് എന്ന ചോദ്യമാണ് 2015 ലേക്ക് കടക്കുമ്പോള്‍ തുറിച്ചു നോക്കുന്നത്. പിന്നിടുന്ന വര്‍ഷം അഭിമാനിക്കാനായി കേരളത്തിനെന്തെങ്കിലുമുണ്ടോ? ഒന്നുമില്ലെന്ന് ഒറ്റവാക്കില്‍ത്തന്നെ ഉത്തരം നല്‍കാം. ഒന്നുമില്ലായ്മയില്‍ നിന്നും നാണക്കേടിന്റെ സംഭവവികാസങ്ങളില്‍ നിന്നും വേണം വരും വര്‍ഷത്തെ സമീപിക്കാന്‍.
38863 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളം ഭാരതത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനമേയുള്ളു. മൊത്ത ജനസംഖ്യ കണക്കെടുക്കുമ്പോള്‍ അത് നാലുശതമാനത്തില്‍ താഴെയുമാണ്. ജനസാന്ദ്രതയിലാകട്ടെ മൂന്നാം സ്ഥാനമുണ്ട് കേരളത്തിന്. എന്നാല്‍ വിവാദവും വിവരക്കേടും വിളമ്പുന്നതില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ‘സസ്യശ്യാമളകോമളം, കേരകേദാരകേരളം’ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ അത് എത്രകാലത്തേക്ക് എന്നാരും ചോദിച്ചുപോകും. കേരവും കേദാരവും പഴങ്കഥയാകുന്നു. കേരകര്‍ഷകന്റെ എണ്ണം കുറയുന്നു. കേരകൃഷിയുടെ വിസ്തൃതിയും ചുരുങ്ങുന്നു. അതിനെക്കുറിച്ചാര്ക്കും വിലാപവുമില്ല, വേവലാതിയുമില്ല.
സസ്യശ്യാമള കോമളമായ പശ്ചിമഘട്ടവും മറ്റ് മലനിരകളും നിലനില്ക്കണമെന്ന ആഗ്രഹം പോലും അനുവദിക്കില്ലെന്ന മനോഭാവമായിരിക്കുന്നു മലയാളിക്ക്. അതാണ് കസ്തൂരിരംഗന്റെയും ഗാഡ്ഗില്‍ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. കേരളത്തിന്റെ 40 ശതമാനത്തോളമുള്ള കിഴക്കുഭാഗത്തെ മലനാട് പ്രധാന നദികളുടെ ഉത്ഭവസ്ഥാനമാണ്. അവിടെ കയ്യേറിയും കുടിയേറിയും വെട്ടിനിരത്തി മൊട്ടക്കുന്നാക്കിമാറ്റിയാല് കേരളം എങ്ങനെ സസ്യശ്യാമളകോമളമായിനിലനില്ക്കുമെന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നില്ല. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും അതിനെക്കുറിച്ചങ്കലാപ്പില്ല. വരാന്‍ പോകുന്നവര്ഷം തുറിച്ചുനോക്കുന്ന സത്യങ്ങളാണിത്.
കേരളത്തില്‍ കൃഷിക്ക് ഉപയുക്തമായത് 54 ശതമാനം ഭൂമിയാണ്. വര്‍ഷം ഓരോന്നുകഴിയുംതോറും ആയത് ചുരുങ്ങിച്ചുരുങ്ങിവരുന്നു. വികസിക്കുന്ന കൃഷികള്‍ റബ്ബറും തേയിലയും മഞ്ഞളുമൊക്കെ. നാണ്യവിളകള്‍ക്ക് ലഭിക്കുന്ന പരിഗണന നെല്‍കൃഷിക്ക് കിട്ടുന്നില്ല. പഴവും പച്ചക്കറിയും പാലും മുട്ടയും മാംസവും പൂവും ഇലയുമെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയാലേ കേരളീയന്റെ വിശപ്പും ദാഹവും അടങ്ങൂ.
മുല്ലപ്പെരിയാറിന്റെ പേരിലാണ് വലിയ സമരങ്ങളില്‍ ജനങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. 35 ലക്ഷത്തോളം ജനങ്ങളും കോടാനുകോടി അനുഭവങ്ങളും ഒലിച്ചുപോകും മുല്ലപ്പെരിയാര്‍ ഉലഞ്ഞാല്‍ എന്ന് ഭീഷണിപ്പെടുത്തിയവര്‍ക്ക് ഇന്ന് മിണ്ടാട്ടമില്ല. ജലനിരപ്പ് 142 അടിയായി ഉയര്‍ന്നിട്ടും ഡാമിന് ഒരു കേടും സംഭവിച്ചില്ലെന്ന് തമിഴ്നാട് പറയുമ്പോഴും കേരളം പരിഹാസ്യമാവുകയാണ്. ഇവിടെയാണ് പുതുചിന്തയും കാഴ്ചപ്പാടും വളര്‍ന്നുവരേണ്ടത്.
കേരളം മാറണം കാലത്തിനൊത്ത്, കാലാവസ്ഥക്കൊത്ത.് മുരടിച്ച തത്വശാസ്ത്രങ്ങളും വരട്ടുതത്വങ്ങളുമായി മുന്നോട്ടുപോയാല്‍ വിതുമ്പാനല്ലാതെ വിസ്മയമായി മാറാന്‍ കഴിയില്ലെന്നുറപ്പ്. ഭാരതത്തിന്റെ ശിരസ്സായാണ് കശ്മീരിനെ കണക്കാക്കുന്നത്. കേരളമാകട്ടെ കണങ്കാലും. ശിരസുകൊണ്ടുമാത്രം ബഹുദൂരമെത്താനാവില്ല. കാലും ശിരസ്സിന്റെ ചിന്തക്കനുസരിച്ച് നീങ്ങാന്‍ പ്രാപ്തമാകണം. പക്ഷെ കേരളം പ്രതീക്ഷ നല്കുന്ന പരുവത്തിലിനിയും മാറിയിട്ടില്ല.
പിന്നിടുന്ന വര്‍ഷം കേരളം നേടിയത് വിവാദങ്ങളും അഡ്ജസ്റ്റ്മെന്റ് സമരങ്ങളുമാണ്. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും തുടര്‍ക്കഥകള്‍ തീരുന്നില്ല. സോളാര്‍ മുതല്‍ ബാര്‍ കോഴവരെ നീണ്ട വാദവിവാദങ്ങളാണ് 2014നെ കൊഴുപ്പിച്ചത്. വിലകൂടിയ മദ്യമാണോ വീര്യംകുറഞ്ഞ മദ്യമാണോ കഴിക്കേണ്ടത് എന്നതിലേ തര്‍ക്കമുള്ളു. മദ്യം ഒരനിവാര്യഘടകമാണ് കേരളത്തിനെന്ന് ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ധാരണയിലെത്തി നില്ക്കുന്നു. നക്ഷത്രങ്ങളുടെ എണ്ണം നോക്കിയാണ് ബാര്‍ നല്കുന്നതെങ്കില് കൂരകളില്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ ബാറവകാശി. അവരില്‍ പലര്‍ക്കും മേല്പ്പോട്ട് നോക്കിയാല്‍ സര്‍വ്വ നക്ഷത്രങ്ങളും കാണുകയാണല്ലോ.
കൂരയില്‍ കഴിയുന്നവനെക്കുറിച്ചല്ല ഭരണക്കാരുടെ ചിന്ത. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ചിന്തവേറെ. വനവാസി കുട്ടികള്‍ പട്ടിണികൊണ്ട് മരിക്കുന്നു എന്നാരും പറയുന്നില്ല. പട്ടിണി മരണത്തിന്റെ സാങ്കേതിക പറച്ചിലാണ് പോഷകാഹാരക്കുറവെന്ന പ്രയോഗമെന്ന് അവര്‍ തിരിച്ചറിയുന്നില്ല. വനവാസി മേഖലകളില്‍ ആശുപത്രിയില്ല. വനവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാനുള്ള നിയമത്തെ നോക്കുകുത്തിയാക്കി. ഭര്‍ത്താവില്ലാത്ത ഗര്‍ഭിണിമാരും അച്ഛനില്ലാത്ത കുഞ്ഞുങ്ങളുമായി വനവാസി ഊരുകളിലെ സമ്പത്ത്. ഇത് സംബന്ധിച്ച ചര്‍ച്ച 2014 ല്‍ സജീവമായെങ്കിലും അതിന്റെ അന്ത്യമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
കയ്യൂക്കുള്ളവരുടെ കടന്നുകയറ്റത്തോടെ നഷ്ടപ്പെടുന്ന ഊരും മതംമാറ്റത്തോടെ നഷ്ടപ്പെടുന്ന പേരും തിരിച്ചുകിട്ടാനുള്ള പോരാട്ടം വനവാസികള്‍ ശക്തിപ്പെടുത്തിക്കഴിഞ്ഞില്ല. ഇരിക്കാനിടമില്ലാത്തവരുടെ ‘നില്പ് സമരം’ ആറുമാസത്തോളം തുടര്ന്നപ്പഴാണ് ഒരു ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായത്. ഒടുവിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണ നടക്കുന്ന കാര്യമാണോ എന്നറിയാന്‍ മാസങ്ങള്‍ കാത്തിരിക്കണം. നഷ്ടമായ മതവും പേരും തിരികെ നേടാനുള്ള പ്രവര്‍ത്തനമായിരിക്കും വരുന്നാളുകളിലെ ചൂടേറിയ ചര്‍ച്ച. ചേപ്പാട്ടും ആയൂരും അതിന്റെ തുടക്കംമാത്രം.
വര്‍ത്തമാനകാലത്തില്‍ കാലുറപ്പിച്ച് ഭാവിയെ നോക്കുമ്പോള്‍ കേരളം നിരാശയിലേക്കാണ് നീങ്ങുന്നതെന്നും വിലയിരുത്താനാവില്ല. പ്രതീക്ഷയുടെ കിരണങ്ങള്‍ സൂക്ഷ്മ ദൃഷ്ടിയില് കണ്ടെത്താനാകും. രാജ്യമാകെ പരിവര്‍ത്തനത്തിന് സജ്ജമായി വിധിയെഴുതിയതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 12 എണ്ണത്തില്‍ വിജയിച്ച് ഭരണമുന്നണിയും എട്ടില്‍ ജയിച്ച് ഇടതുമുന്നണിയും മേനിനടിക്കുമ്പോഴും ഒറ്റയ്ക്ക് നിന്ന് വിജയത്തിനടുത്തെത്തി നില്ക്കാന് ബിജെപിക്കായി എന്നത് ആശ്വാസം നല്‍കുന്നതാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഏഴായിരത്തില്‍ ചില്വാനും വോട്ടു മറിഞ്ഞെങ്കില്‍ കേരളത്തിന്റെ ചിത്രവും ചിന്തയും മാറുമായിരുന്നു. ഒ. രാജഗോപാലിനെ തോല്‍പ്പിച്ച്, തോറ്റ അവസ്ഥയിലാണിന്ന് വോട്ടര്‍മാര്‍. ജയിച്ചുകയറിയ വ്യക്തി തോറ്റതിനെക്കാള്‍ ദയനീയാവസ്ഥയിലാണ്. ജയിപ്പിച്ചവരാകട്ടെ ‘കഷ്ടമായി’ എന്ന മനോഭാവത്തിലും.
കേരള രാഷ്ട്രീയം കാലിത്തൊഴുത്തിനോട് ഉപമിച്ചാല്‍ കന്നുകാലികള്‍പോലും കോപിച്ചേക്കും. പാര്‍ട്ടിയെ തള്ളുന്ന ഭരണകക്ഷിയും പ്രതിപക്ഷനേതാവും. ചുരുക്കിപ്പറഞ്ഞാല്‍ അതാണ് സത്യം. കെപിസിസി പ്രസിഡന്റില്‍ അവിശ്വാസം പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയും എംഎല്‍എമാരും മന്ത്രിമാരും. വിശ്വാസ വഞ്ചന നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ്. ഇത്രയും കൊണ്ടുതന്നെ വരുംവര്‍ഷം കോണ്‍ഗ്രസ് രാഷ്ട്രീയം നേരിടാന്‍ പോകുന്ന വിപത്തിന്റെ ഏകദേശ രൂപമായി ഭരണമുന്നണിയാകെ ആടി ഉലയുന്നു.
മുഖ്യമന്ത്രിയാകാന്‍ മോഹിച്ചിറങ്ങിയ ഘടകകക്ഷി നേതാവ് മൂക്കുകുത്തിവീണു, വീണില്ലാ, എന്ന സ്ഥിതിയില്‍. മാണി മാത്രമല്ല ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ രണ്ടുമന്ത്രിമാര്‍ കൂടി കോഴവാങ്ങിയെന്ന് വീണ്ടും മൊഴി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതിയായി. അന്വേഷണം നേരിടുന്നു അരഡസനിലധികം മന്ത്രിമാര്‍. മന്ത്രി മന്ദിരങ്ങളില്‍ കൈക്കൂലികളുടെ മഹാമേളയാണെന്ന് ഭരണകക്ഷി എംഎല്‍എ നിയമസഭയില്‍ പറഞ്ഞിട്ടും നടപടിയില്ല. എന്നാല്‍ സത്യം വിളിച്ചുപറഞ്ഞ എംഎല്‍എയെ ഭരണകക്ഷി കൂട്ടായ്മയുടെ ഭാഗമല്ലാതാക്കി.
ബാര്‍കോഴയും മന്ത്രിമന്ദിരത്തിലെ കോഴയും വെളിപ്പെട്ടിട്ടും ‘മിഴുങ്ങസ്യ’ എന്ന ഭാവത്തിലായ പ്രതിപക്ഷത്തിന്റെ കാര്യമാണ് കഷ്ടം. നിയമസഭയില്‍ ഗ്വാഗ്വാവിളി നടത്താനല്ലാതെ ഒരു ജനകീയ മുന്നേറ്റം സംഘടിപ്പിക്കാന്‍ പോലും അവര്‍ക്കാകുന്നില്ല. പ്ലീനത്തില്‍ പരവതാനി വിരിച്ചാനയിച്ചത് മാണിയെ മോഹിപ്പിക്കാനായിരുന്നു. ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്’ എന്ന മട്ടില്‍’പാലായിലെ മാണിക്ക്യത്തിന് പെട്ടെന്നായിരുന്നു മങ്ങലേറ്റത്. കരിക്കട്ടയെക്കാള്‍ കഷ്ടമാണ് നിലവിലെ സ്ഥിതി. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴമാണ് കാക്കച്ചിക്കൊത്തിയതെന്ന അവസ്ഥയില്‍ നില്ക്കുന്ന മുഖ്യപ്രതിപക്ഷം അരിശം തീര്‍ത്തത് സഹോദര സംഘടനയോട് തന്നെ. സിപിഎം-സിപിഐ തര്‍ക്കം കെട്ടടങ്ങാതെ തന്നെയാണ് ഈ വര്‍ഷം പിന്നിടുന്നത്.
അടുത്തവര്‍ഷമാണ് മാറ്റുരക്കപ്പെടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അത് കഴിഞ്ഞേറെ പിന്നിടാതെ എത്തും നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടും ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമല്ല ഇരുമുന്നണികള്‍ക്കുമാണ് വെല്ലുവിളിയാകാന്‍ പോകുന്നത്.
ദേശീയ തലത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ കേരളീയ മനസ്സും തയ്യാറെടുത്തു കഴിഞ്ഞു. ഏറ്റവും അടുത്ത അവസരം ജനങ്ങള്‍ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ്. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലെ തെരഞ്ഞെടുപ്പില്‍ ദേശീയ ചിന്തയ്ക്കൊപ്പം നീങ്ങാന്‍ കഴിയാത്തതിന്റെ ദുഃഖം തീര്‍ക്കാന്‍ കിട്ടുന്ന സമയമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്. കാലത്തിനൊപ്പവും കാലത്തിനൊരുപടി മുന്നിലും നടന്ന പാരമ്പര്യം നിലനിര്‍ത്താന്‍ കേരളീയര്‍ ഒരുങ്ങുമ്പോള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം കൈമുതലാക്കിയ മുന്നണി രാഷ്ട്രീയക്കാര്‍ നോക്കിയിരിക്കുമെന്ന് കരുതുന്നതാണ് അബദ്ധം. മുന്നണികളുടെ ‘അഡ്ജസ്റ്റ്മെന്റ്’ തിരുവനന്തപുരം മോഡല്‍ കേരളമാകെ കാണാനാകും. സ്വന്തം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചും ദേശീയതലത്തില്‍ അലയടിക്കുന്ന തരംഗം കേരളാതിര്‍ത്തിയില്‍ തടഞ്ഞുനിര്ത്താനവര് മത്സരിക്കും. ‘മകന് ചത്താലും മരുമകളുടെ കണ്ണീര് മോഹിക്കുന്ന അമ്മായിയമ്മ’മാരാകാന്‍ അവര്‍ യത്നിക്കും.
മനോഭാവം അങ്ങിനെയല്ലെങ്കില്‍ സ്വച്ഛഭാരതത്തിന്റെ ഭാഗമായതിന്റെ പേരില്‍ ഒരു പാര്ലമെന്റ്മെമ്പര്ക്ക് പാര്‍ട്ടി ഭ്രഷ്ട് കല്പിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നില്ല. എക്കാലവും എല്ലാവരെയും കബളിപ്പിക്കാനാവില്ല. ചിലരെ ചിലകാലങ്ങളില്‍ മോഹിപ്പിച്ച് നിര്‍ത്താനായേക്കും. ഉദിച്ചുയരുന്ന സൂര്യനെ പഴമുറംകൊണ്ട് മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നതാകും വരും വര്‍ഷത്തിലെ കേരളമെന്ന കാര്യത്തില്‍ സംശയമില്ല. കശ്മീരിന് മാറാമെങ്കില്‍ കേരളം മടിച്ചുനില്‍ക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: