ആലപ്പുഴ: ജീവനക്കാരും ഘടകകക്ഷിയും സ്വന്തം പാര്‍ട്ടിക്കാരും പ്രസിഡന്റിനെതിരെ തിരിഞ്ഞതോടെ പുന്നപ്ര വടക്ക് പഞ്ചായത്ത് ഭരണം സ്തംഭിച്ചു. ബിജെപിയും കോണ്‍ഗ്രസും നേരത്തെ മുതല്‍ തന്നെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രക്ഷോഭ രംഗത്താണ്. കഴിഞ്ഞ ദിവസം ഘടകകക്ഷിയായ സിപിഐയും പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒടുവിലായി ജീവനക്കാരും ഒന്നടങ്കം രംഗത്തെത്തിയതോടെ പഞ്ചായത്ത് ഭരണം പൂര്‍ണമായും സ്തംഭനത്തിലായി.
കഴിഞ്ഞ ദിവസം അസി. സെക്രട്രറി ഡോ. വിജയ്ക്ക് സസ്പെന്ഷന് നോട്ടീസ് പ്രസിഡന്റ് നല്‍കിയതിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. പഞ്ചായത്ത് വാഹനം പാര്‍ട്ടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനായി ഡിവൈഎഫ്ഐ നേതാവും വാഹനത്തിന്റെ ഡ്രൈവറുമായ രതീഷ്കുമാര്‍ ദുരുപയോഗം ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് അസി. സെക്രട്ട്രറിയെ പ്രസിഡന്റ് ത്യാഗരാജന് നിയമം ലംഘിച്ചു സസ്പെന്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വിജയ് അവധിയില്‍ പ്രവേശിച്ചു.
സെക്രട്ട്രറിയെയൊ അസി. സെക്രട്ടറിയെയോ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ പഞ്ചായത്ത് കമ്മറ്റി കൂടുകയും ഭൂരിപക്ഷ തീരുമാനം കണക്കിലെടുത്ത് ഈ വിവരം പഞ്ചായത്ത് ഡയറക്ടറെ അറിയിക്കണം. പിന്നീട് അന്തിമ തീരുമാനം പഞ്ചായത്ത് ഡയറക്ടറാണ് കൈക്കൊള്ളേണ്ടത്. ഈ ചട്ടം ലംഘിച്ചാണു പ്രസിഡന്റ് സസ്പെന്ഷന് നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ ഇരുപതോളം വരുന്ന ജീവനക്കാര്‍ സൂചനാപണിമുടക്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ നൂറു കണക്കിനു ജനങ്ങളാണു നിരാശരായി മടങ്ങിയത്. ജീവനക്കാരോട് അന്യായമായി പെരുമാറുന്ന നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ അംഗവുമായ ജയപ്രസന്നന്‍ പറഞ്ഞു. നാലു വര്‍ഷമായി ഈ പഞ്ചായത്തിലെ ജീവനക്കാര്‍ പീഡനത്തിനു ഇരയാകുകയാണെന്നും ജയ കൂട്ടിചേര്‍ത്തു.
ഹിറ്റ്ലറെ പോലെയാണു പഞ്ചായത്ത് പ്രസിഡന്റ് ത്യാഗരാജന് പെരുമാറുന്നതെന്നും ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നം ഗൗരവമായെടുത്ത് സെക്രട്രറിയെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപിയും യുഡിഎഫും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൂക്കില്ലാരാജ്യത്ത് എന്ന് സിനിമയിലെ തലയ്ക്കടിയേറ്റ കഥാപാത്രം പെരുമാറുന്നത് പോലെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറുന്നതെന്ന് സിപിഐ നോട്ടിസ് അടിച്ച് പ്രചരിപ്പിച്ചിരുന്നു. വിഎസിന്റെയും ജി. സുധാകരന്റെയും സ്വന്തം പഞ്ചായത്തില്‍ പ്രസിഡന്റിന്റെ നടപടികള്‍ സിപിഎമ്മുകാരെ പോലും വെട്ടിലാക്കിയിരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: