കൊച്ചി: ക്വിന്റല്‍ കപ്പയും മുള്ളാത്തയും കാട്ടുകിഴങ്ങുമൊക്കെ കേട്ടുകേള്‍വി മാത്രമുള്ള കൊച്ചിക്കാര്‍ക്ക് അത്യപൂര്‍വ അനുഭവമാവുകയാണ്, വസന്തോത്സവത്തിലെ കാര്‍ഷിക മേള പവലിയന്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ഔഷധമായ മുള്ളാത്തയടക്കം ഔഷധഗുണമുള്ള ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍, ആത്മയും കൃഷിവകുപ്പും ചേര്‍ന്നൊരുക്കുന്ന കാര്‍ഷികമേള പവലിയനില്‍ ദര്‍ശിക്കാം.
മണ്മറഞ്ഞുപോയ കാര്‍ഷിക ഉത്പന്നങ്ങളുടെ അസുലഭ ദൃശ്യവും ഇവിടെയുണ്ട്. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ പരിപാടി ”വസന്തോത്സവം 2014 സന്ദര്‍ശകരുടെ തിരക്ക് ഏറിവരികയാണ്.
കുടുംബശ്രീ വിപണനമേളയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. പെയിന്റിംഗുകള്‍, കരകൗശല ഉത്പന്നങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വിവിധതരം അച്ചാറുകള്‍, ഉപ്പിലിട്ടവ തുടങ്ങി ഒട്ടനവധി ഉത്പന്നങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ട്രേഡ് ഫെയര്‍ പവലിയനിലെ കയര്‍ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. നീര രുചിക്കാനാഗ്രഹിക്കുന്നവര്ക്ക് അതിനുള്ള അവസരവും വസന്തോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ സ്റ്റാളിലെത്തുന്നവര്‍ക്ക് രക്തസമ്മര്‍ദം പരിശോധിക്കാനുള്ള അവസരമുണ്ട്.
കിഴി ബിരിയാണി, കലം ബിരിയാണി, ഞണ്ടും കപ്പയും, ആലപ്പുഴ കായല്‍ വിഭവങ്ങള്‍, ചെമ്മീന്‍ തീയല്‍, ചിക്കന്‍ പാല്ക്കറി, കപ്പ താളിച്ചത്, തൈ ചിക്കന്‍, ഞണ്ട് സൂപ്പ്, മുട്ടമാല തുടങ്ങി വായില്‍ വെള്ളമുണര്ത്തുന്ന ഒട്ടനവധി വിഭവങ്ങളാണ് കഫേ കുടുംബശ്രീയുടെ മുഖ്യ ആകര്‍ഷണം.
എന്നും വൈകുന്നേരം കലാപരിപാടികളുമുണ്ട്.
ക്രിസ്മസ് ദിനമായ ഇന്നു വൈകുന്നേരം ഒറ്റപ്പാലം വള്ളുവനാടന്‍ കലാസംഘത്തിന്റെ നാടന്‍ പാട്ടും 26-ന് വൈകുന്നേരം പന്തളം ബാലന്റെ ഗാനമേളയും വസന്തോത്സവ നഗരിയില്‍ അരങ്ങേറും. ദിവസേന രാവിലെ 11 മുതല്‍ രാത്രി 9 വരെയുള്ള പ്രദര്‍ശനത്തില്‍, മുതിര്‍ന്നവര്‍ക്ക് 50 രൂപയും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മേള 31-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: