കോട്ടയം: ബസേലിയസ് കോളേജിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണജൂബിലി പരിപാടികള്‍ 2015 ജനുവരി 2ന് സമാപിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി 28 മുതല്‍ 31 വരെ വൈകിട്ട് 6.30ന് കലാസന്ധ്യകള്‍ നടക്കും. ഉദ്ഘാടന ദിനം കലാരംഗങ്ങളില്‍ പ്രശസ്തിനേടിയ പൂര്വ്വവിദ്യര്ത്ഥികളെ ആദരിക്കും. ഛായാഗ്രാഹകന്‍ വേണു, നടന്മാരായ വിജയരാഘവന്, ഗിന്നസ് പക്രു, തിരക്കഥാകൃത്ത് ഉണ്ണി ആര്, ഗായകരായ സിസിലി, നിഖില്‍ മാത്യു എന്നിവര്‍ കലാലയത്തിന്റെ സുവര്‍ണ മുദ്ര സ്വീകരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ പുരസ്കാരം സമര്‍പ്പിക്കും.
തുടര്‍ന്ന് നടക്കുന്ന മെഗാഷോയില്‍ സ്റ്റാര്‍ സിങ്ഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന ഗാനമേള, കോമഡി സ്റ്റാര്‍ ഫെയിം ബിനു അടിമാലിയും സംഘവും നടത്തുന്ന കോമഡിഷോ, കൊച്ചിന് സ്റ്റാര്‍ വേള്‍ഡിന്റെ ഡാന്‍സ് എന്നിവ അരങ്ങേറും. 29ന് തിരുവനന്തപുരം സമുദ്രയുടെ സമകാലിക നൃത്തം, 30ന് മെര്ലിന് അവാര്‍ഡ് ജേതാവ് മജീഷ്യന്‍ സാമ്രാജിന്രെ മെഗാമാജിക് ഷോ എന്നിവ നടക്കും. 31ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സി.എസ്. അനുരൂപ്, ഡോ. ജയപ്രകാശ് എന്നിവര്‍ നയിക്കുന്ന വയലിന് കച്ചേരി, വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ച് കരിമരുന്നു പ്രയോഗത്തോടെ പരിപാടികള്‍ അവസാനിക്കും.
ജനുവരി 2ന് കോളേജിന്റെ 51-ാം പേട്രന്‍ സെയിന്റ്സ് ഡേ ആഘോഷം ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന് ഓണാട്ട് ഉള്‍പ്പെടെ 16 സ്റ്റാഫ് അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കും. ഫോര്‍ട്ട് പ്രസിഡന്റ് പ്രൊഫ. പി.സി. ഏലിയാസ്, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഫാ. ഡോ. തോംസണ്‍ റോബി, പിടിഎ വൈസ് പ്രസിഡന്റ് സുമ കുര്യന്, കോളേജ് സൂപ്രണ്ട് കെ.വി. കുരുവിള എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
3ന് ആരംഭിക്കുന്ന സുവര്‍ണജൂബിലി സമാപന സമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കതോലിക്കാബാവാ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഭവനത്തിന്റെ താക്കോല്‍ദാനം ബാവാ നിര്‍വ്വഹിക്കും. സ്പെഷ്യല്‍ കവറും, സ്റ്റാമ്പും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പ്രകാശനം ചെയ്യും. ജൂബിലി സുവനീര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്യും. ഫിസിക്സ് റിസേര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളായ മോന്‍സ് ജോസഫ് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, എംഒസി കോളേജുകളുടെ സെക്രട്ടറി പ്രൊഫ. ജേക്കബ് കെ. മാത്യു, വീ ബസേലിയന് പ്രസിഡന്റ് തോമസ് കുര്യന് പനയമ്പാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന് ഓണാട്ട്, ഡോ. ആനി മാത്യൂസ്, ഡോ. ഷേര്‍ളി കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: