കൊച്ചി: ക്രിസ്മസ്ന്യൂ ഇയര്‍ രാവുകളെ വരവേല്‍ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം ഒരുങ്ങി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ്ന്യൂ ഇയര്‍ പരിപാടി ‘വസന്തോത്സവം 2014’ന് ഇന്ന് വൈകുന്നേരം നാലിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമാവും. സംസ്ഥാന റവന്യൂ കയര്‍ വകുപ്പുമന്ത്രി അടൂര്‍ പ്രകാശ്, മേള ഉദ്ഘാടനം ചെയ്യും. 31ന് അര്‍ധരാത്രി വരെ നീളുന്ന ഉത്സവപരിപാടികള്‍ കൊച്ചിക്ക് വര്‍ണവിസ്മയങ്ങള്‍ പകരും.
പുഷ്പമേളയും കാര്‍ഷികമേളയും അലങ്കാരമത്സ്യപ്രദര്ശനവും ഒരുക്കുന്ന ദൃശ്യവിസ്മയങ്ങള്ക്കൊപ്പം കഫേ കുടുംബശ്രീയുടെ സംസ്ഥാനതല ഭക്ഷ്യമേളയുടെ രുചിവൈവിധ്യങ്ങളും കൊണ്ടാണ് ഇക്കുറി വസന്തോത്സവവേദി സജീവമാകുന്നത്. ഒപ്പം, വ്യാപാരവിപണനമേളയും കലാസന്ധ്യകളും കൊച്ചിക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്മസ്നവവത്സര സമ്മാനം തന്നെയാവും.
നഴ്സറി സസ്യങ്ങളുടെ സാന്നിധ്യവും കൊച്ചിയിലെ പുഷ്പസസ്യ സ്നേഹികളെ വിസ്മയിപ്പിക്കും. അത്യപൂര്‍വമായ പുഷ്പങ്ങളും ബോണ്‍സായി സസ്യങ്ങളുമടക്കം വലിയൊരു വര്‍ണ പ്രപഞ്ചമാണ് വസന്തോത്സവത്തിനായി ഒരുങ്ങുന്നത്.
കുടുംബശ്രീ ഒരുക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേളയാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. കഫേ കുടുംബശ്രീയുടെ സംസ്ഥാന തല ഭക്ഷ്യമേളയില്‍ 14 ജില്ലകള്‍ക്കും പ്രത്യേകം കൗണ്ടറുകളുണ്ടാവും. കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതിനൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
ആത്മയും കൃഷിവകുപ്പും ചേര്‍ന്നൊരുക്കുന്ന കാര്‍ഷികമേളയുമായി ജില്ലാ ഭരണകൂടം കാഴ്ചപ്പൂരമൊരുക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നൂറില്‍പ്പരം കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍, തൂക്കം കൊണ്ടും വലിപ്പം കൊണ്ടും വിസ്മയിപ്പിക്കുന്ന ഒട്ടനവധി ഇനങ്ങളുണ്ട്. മണ്മറഞ്ഞുപോയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വെജ് ഹൗസ്, ദിവസേനയുള്ള അഗ്രോ ക്ലിനിക്, ഏറ്റവും ചെറിയ പശുവിന്റെ പ്രദര്‍ശനം, കരിങ്കോഴി പ്രദര്‍ശനം തുടങ്ങി ഒട്ടനവധി വിസ്മയക്കാഴ്ചകള്‍ കാര്‍ഷികമേളയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നേകും.
ശുദ്ധജലകടല്മത്സ്യങ്ങളുടെയും വര്‍ണമത്സ്യങ്ങളുടെയും വിസ്മയക്കാഴ്ചയൊരുക്കുന്ന അക്വാഷോയും, വസന്തോത്സവത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: