കാസര്‍കോട്: ജീവിതം വഴിമുട്ടിയതോടെ പട്ടിണി മാറ്റാന്‍ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയ ശ്രീലതയ്ക്ക് തണലായി സേവാഭാരതി. പതിനഞ്ചുകാരിയായ ശ്രീലതയേയും ഏഴാം ക്ലാസുകാരിയായ അനുജത്തി നികന്യയേയും ഇന്നലെ രാവിലെ വീട്ടിലെത്തി സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ. വേലായുധന്, കാഞ്ഞങ്ങാട് സേവാഭാരതി വൈസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്, സെക്രട്ടറി വി.രാധാകൃഷ്ണന്, പി.തമ്പാന്, ആര്‍എസ്എസ് ഉദുമ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് അനിരുദ്ധന്, കുറ്റിക്കോല്‍ പഞ്ചായത്തംഗം എം.ശാന്ത, ബാലഗോകുലം ഉദുമ താലൂക്ക് അധ്യക്ഷന്‍ രാജന് കുറ്റിക്കോല്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ കെ.വി.നിഷ, ടി.ശ്രീലത, എസ്ടി പ്രമോട്ടര്‍ എച്ച്. മാധവന് എന്നിവര്‍ ചേര്‍ന്നാണ് അമ്മ ലക്ഷ്മിയില്‍ നിന്നും മക്കളെ ഏറ്റുവാങ്ങിയത്. കോഴിക്കോട് ചേവായൂരിലെ ബാലികാസദനത്തില്‍ താമസിച്ച് പഠിക്കാനാണ് സേവാഭാരതി ഇവര്‍ക്ക് സൗകര്യമൊരുക്കിയത്.
അസുഖത്തെത്തുടര്‍ന്ന് ഒമ്പതുമാസം മുമ്പ് അച്ഛന് മധു മരിച്ചതോടെയാണ് മുന്നാട് പറയമ്പള്ളം നര്ക്കില പട്ടികവര്‍ഗ കോളനിയിലെ ശ്രീലതയുടെ ജീവിത ദുരിതം തുടങ്ങിയത്. നിത്യരോഗിയായ അമ്മ ലക്ഷ്മിയേയും രണ്ട് അനുജത്തിമാരേയും സംരക്ഷിക്കാന്‍ ഒമ്പതാം ക്ലാസുകാരിയായ ശ്രീലത മൂന്നു മാസം മുമ്പാണ് പഠനം നിര്‍ത്തി കൂലിപ്പണിക്കിറങ്ങിയത്. ഉന്നതപഠനം, സ്വന്തമായൊരു ജോലി എന്നീ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുള്ളില്‍ കരിഞ്ഞുണങ്ങുമ്പോഴാണ് സാന്ത്വന സ്പര്‍ശത്തിന്റെ പുതുവെളിച്ചവുമായി സേവാഭാരതി പ്രവര്‍ത്തകരെത്തിയത്.
നിത്യരോഗിയായ അമ്മയ്ക്കും കൊച്ചനുജത്തി നിഖിതയ്ക്കും സംരക്ഷണമേകാന്‍ സേവാഭാരതി തയ്യാറായെങ്കിലും രണ്ടു മക്കളുടെ ജീവിതം തന്നെ സേവാഭാരതി ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. പുതുപ്രതീക്ഷയുമായി പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ ശ്രീലതയ്ക്കും അനുജത്തി നികന്യയ്ക്കും സേവാഭാരതി പുത്തന്‍ പ്രതീക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: