മൊറാക്കോ: സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ മെക്സിക്കന്‍ ക്ലബ് ക്രൂസ് അസുളിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റയലിന് വേണ്ടി സെര്‍ജിയോ റാമോസ്, കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല്, ഇസ്കോ എന്നിവര്‍ ഗോളുകള്‍ േനടി. ഈ സീസണില്‍ റയലിന്റെ തുടര്‍ച്ചയായ 21-ാം വിജയമാണിത്.
കളിയുടെ തുടക്കം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ റയല്‍ ഗോള്‍ലക്ഷ്യമാക്കി 13 തവണയാണ് ഷോട്ടുകള്‍ ഉതിര്‍ത്തത്. മെക്സിക്കന്‍ ക്ലബിന്റെ ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ വഴങ്ങാതെ അവരെ രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ മെക്സിക്കന്‍ ടീം ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. കളിയുടെ 15-ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ടോണി ക്രൂസ് നല്കിയ അളന്നുമുറിച്ച ക്രോസ് പ്രതിരോധനിരയിലെ കരുത്തനായ സെര്ജിയോറാമോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് മെക്സിക്കന്‍ ക്ലബിന്റെ വലയിലെത്തിച്ചു. പിന്നീട് 36-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. ഡാനിയേല്‍ കാര്‍വാജല്‍ നല്കിയ ക്രോസ് സ്വീകരിച്ച് ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ബെന്‍സേമ പായിച്ച വലംകാലന്‍ ഷോട്ട് മെക്സിക്കന്‍ വലയില്‍ തറച്ചുകയറി. 40-ാം മിനിറ്റില്‍ ക്രൂസ് അസുളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ വച്ച് സെര്‍ജിയോ റാമോസ് മരിയാനോ പാവോനെയെ വലിച്ചിട്ടതിനാണ് റഫറി സ്പോട്ട് കിക്ക് അനുവദിച്ചത്. എന്നാല്‍ ജെറാര്‍ഡോ ടൊറാര്ഡോ എടുത്ത കിക്ക് റയല്‍ ഗോളി ഇകര്‍ കസീയസ് തട്ടിയകറ്റി. ആദ്യപകുതിയില്‍ ഈ രണ്ട് ഗോളുകള്‍ക്ക് റയല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോഴേക്കും റയല്‍ മൂന്നാം ഗോളും നേടി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത പാസില്‍ നിന്ന് ഗെരത്ത് ബെയ്ലാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പിന്നീട് 72-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് യുവതാരം ഇസ്കോയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഈ മാസം 20ന് നടക്കുന്ന ഫൈനലില്‍ അര്ജന്ന്റീന് ക്ലബ് സാന്‍ ലോറന്‍സോ- ന്യൂസിലാന്റ് ക്ലബ് ഓക്ലാന്റ് സിറ്റി മത്സര വിജയികളുമായി റയല്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: