തിരുവനന്തപുരം: പക്ഷിപ്പനി പൂര്‍ണ്ണമായും മാറിയ സാഹചര്യത്തില്‍ രോഗബാധിത പ്രദേശത്തെ പക്ഷികള്‍, മുട്ട, വളം എന്നിവയുടെ വ്യാപാരത്തിനും കടത്തിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പൂര്‍ണ്ണമായി നീക്കിയതായും താറാവ് വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെ.പി. മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താറാവ് കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഏര്‍പ്പെടുത്തും. എല്ലാ ചെറുകിട,വന്‍കിട താറാവ് കര്‍ഷകരെയും ഫാമുകളേയും ഹാച്ചറികളേയും ഒരുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനും മൃഗസംരക്ഷണ വകുപ്പിന്റെ ലൈസന്‍സ് നല്കി ഡേറ്റാ ബേസ് ഉണ്ടാക്കാനും തീരുമാനിച്ചു.
രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മാത്രമേ ഇനി താറാവ് മുട്ട, താറാവിറച്ചി എന്നിവ വില്‍ക്കാനാവൂ. ശാസ്ത്രീയമായ താറാവ് കൃഷി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കുന്ന കര്‍മ്മപദ്ധതിയുടെ അംഗീകരിച്ച കരട് രേഖയിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. കുട്ടനാട്ടില്‍ പുതിയ താറാവ് വളര്‍ത്തല്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. പക്ഷികളുടെ സംഖ്യ നിരന്തരമായി മോണിറ്റര്‍ ചെയ്യുന്നതിനും രോഗസാധ്യത മുന്‍ കൂട്ടി അറിയുന്നതിനും പക്ഷി രോഗ വിജിലന്‍സ് യൂണിറ്റ് തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണ്ണയ ലാബിനെ ഭോപ്പാല്‍ നാഷണല്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയുടെ മാതൃകയില്‍ ബയോ സെക്യൂരിറ്റി ലെവല്‍3 പ്ളസ് സംവിധാനമാക്കി ഉയര്‍ത്തും.
നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിന് പുറമെ പ്രതിവര്‍ഷം 10 ലക്ഷം താറാവ് കുഞ്ഞുങ്ങളെ ഉത്പാദിക്കാന്‍ ക്ഷമതയുള്ള ഹാച്ചറിബ്രൂഡര് കോംപ്ളെക്സ് സ്ഥാപിക്കും. നിലവിലുള്ള ഹാച്ചറികളുടെ സൗകര്യം വിപുലീകരിക്കുന്നതിനൊപ്പം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സര്‍ക്കാര്‍ തലത്തില്‍ ഓരോ പുതിയ ഹാച്ചറികള്‍ ആരംഭിക്കും. സ്വകാര്യ ഹാച്ചറികള്‍ക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തും. ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥിരം സംവിധാനം ഒരുക്കും, എല്ലാ സ്വകാര്യ ഹാച്ചറികളും ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
താറാവ് മേഖലയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറേയും മതിയായ ജീവനക്കാരേയും സജ്ജമാക്കും. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ ഫാമുകള്‍ മാതൃകാ ഫാമുകളാക്കി മാറ്റും. താറാവിന്റെ വളര്‍ച്ചയ്ക്കും മുട്ട ഉത്പാദനത്തിനും സര്‍ക്കാര്‍ ഏജന്‍സികള്‍ ധാതുലവണ മിശ്രിതം ലഭ്യമാക്കും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ താറാവുകളെ സൗജന്യമായി തീറ്റാന്‍ സൗകര്യമൊരുക്കും. താറാവ് കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കര്‍ഷകരും ജനപ്രതിനിധികളും മൃഗസംരക്ഷണ വിദഗ്ധരും ഉള്‍പ്പെടുന്ന മുഖാമുഖം പരിപാടികള്‍ ആസൂത്രണം ചെയ്യും. പക്ഷിപ്പനി മൂലം ഉണ്ടായ ആശങ്ക അകറ്റാനായി കോട്ടയം, ആലപ്പുഴ,എറണാകുളം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: