തിരുവനന്തപുരം : സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 706 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 685 പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍കുറ്റത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഇതില്‍ 396 പേരെ സര്‍വീസില്‍നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 136 പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്രിമിനല്‍ കുറ്റത്തിനു കേസെടുത്ത ഉദ്യോഗസ്ഥരില്‍ ഒരു ഡിഐജിയും അഞ്ചു ഡിവൈഎസ്പിമാരും മൂന്നു സിഐമാരും 63 എസ്ഐമാരും 74 എഎസ്ഐമാരും 115 എസ്സിപിഒമാരും 424 സിപിഒമാരും ഉള്‍പ്പെടും. പോലീസുകാരുള്‍പ്പെടെ 1225 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണു ക്രിമിനല്‍ കേസുകളില്‍പ്പെട്ടത്. പോലീസ് മര്‍ദനം സംബന്ധിച്ച് 565 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് 362 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത അതീവ ഗൗരവതരമായ 32 കേസുകളില്‍ 10 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം 18157 സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഒരു കൊലപാതകവും 146 ആത്മഹത്യയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവുമധികം ആത്മഹത്യ, 54 എണ്ണം. സ്ത്രീധന പീഡനക്കേസുകള്‍ ഏറ്റവുമധികം മലപ്പുറത്താണ്. 2269 എണ്ണം. ഐടി ആക്ട് പ്രകാരം 618 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഞ്ചാവും മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 932 കേസുകള്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ. ബാബുവും അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ ഹൈക്കോടതി സിവില്‍ വിഭാഗത്തില്‍ 106412 കേസുകളും ക്രിമിനല്‍ വിഭാഗത്തില്‍ 34130 കേസുകളും സബോര്‍ഡിനേറ്റ് കോടതികളില്‍ സെപ്തംബര്‍ 30 വരെ 424884 സിവില്‍ കേസുകളും 970024 ക്രിമിനല്‍ കേസുകളും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേസുകള്‍ തീര്‍പ്പാക്കുന്നതിന് കീഴ്ക്കോടതികളുടെ പ്രവര്‍ത്തനം ഹൈക്കോടതി നിരീക്ഷിക്കുകയും കേസുകള്‍ കുറച്ചുകൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കാലപ്പഴക്കംചെന്ന കേസുകള്‍, മുതിര്‍ന്ന പൗരന്മാര്, വിചാരണ തടവുകാര്‍, പാര്‍ശ്വവത്കൃത വിഭാഗം എന്നീ ഗണത്തില്‍പ്പെടുന്ന കേസുകള്‍ക്കു മുന്‍ഗണന നല്‍കിയാണു നടപടികള്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: