കടവന്ത്ര: കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മേല്‍പ്പാലങ്ങളില്‍ ഒന്നായിരുന്നു പനമ്പിളളിനഗര്‍ അറ്റ്ലാന്റിസ് മേല്‍പ്പാലം. ഇതിനായി അന്ന് കേന്ദ്രവിഹിതം അനുവദിച്ചിരുന്നു.
പാലംപണിക്കുള്ള അലൈന്മെന്റൊക്കെ തയ്യാറാക്കി വന്നപ്പോഴേക്ക് സര്‍ക്കാര്‍ മാറി. പുതിയ സര്‍ക്കാര്‍ നിലവില്‍വന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് കൊച്ചിന് കോര്പ്പറേഷന് മേല്‍പ്പാലനിര്‍മാണവുമായി മുന്നോട്ടുവരികയായിരുന്നു. ഇവിടം മുതലാണ് പച്ചാളം മോഡല്‍ തിരിമറികള്‍ ആരംഭിക്കുന്നത്. കെ.വി. തോമസ് എംപിയും എംഎല്‍എയും മേയറും ചേര്‍ന്ന് ആദ്യം അംഗീകരിച്ച അലൈന്മെന്റ് അട്ടിമറിക്കപ്പെട്ടു.
നൂറ്റമ്പതോളം പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന മഹാത്മാനഗര്‍ കോളനിയിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് സിപിഎം ഒത്താശ ചെയ്തു. ഇതനുസരിച്ച് മുപ്പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാന്‍ തീരുമാനിച്ചു. സിപിഎം മുന്‍കൈയെടുത്ത് പുനരധിവാസ പാക്കേജ് ഉണ്ടാക്കി. ഇതനുസരിച്ച് മുപ്പത്തിയാറ് കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. ഇതില്‍ പന്ത്രണ്ടോളം കുടുംബങ്ങള്‍ കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ഇല്ലാതെ തന്നെ ഇവിടെ താമസിക്കുന്നവരാണ്.
ഒരുവര്‍ഷം മുമ്പ് എട്ട് കുടുംബങ്ങളെ ആദ്യപടിയായി ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു. പകുതിയോളം തുക നഷ്ടപരിഹാരമായി നല്‍കുകയും ബാക്കി തുക നല്‍കുന്നതുവരെ താമസത്തിനായി വാടക തുക നല്‍കുമെന്നുമുള്ള എഗ്രിമെന്റോടുകൂടിയാണ് ഇവരെ കുടിയൊഴിപ്പിച്ചത്. എന്നാല്‍ ഇതുവരെയും ഇവര്‍ക്ക് ഒരു പൈസ പോലും വാടകയിനത്തില്‍ നല്‍കിയിട്ടില്ല. ബാക്കി നഷ്ടപരിഹാരതുകക്ക് വാടകതുകക്കുമായി ഈ കുടുംബങ്ങള്‍ ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്.
പുനരധിവാസ പാക്കേജിനായി മുന്നിട്ടുനിന്ന സിപിഎം നേതാക്കളെ ഇപ്പോള്‍ കാണാനില്ല. കോളനിനിവാസികള്‍ കളക്ടറെ സമീപിച്ചപ്പോള്‍ ഫണ്ടില്ല എന്നുപറഞ്ഞ് മടക്കുകയായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ബിജെപി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ മറുപടിയില്‍ കോളനിനിവാസികളോടൊപ്പം നാമമാത്രമായ സ്ഥലം വിട്ടുകൊടുത്ത വന്‍കിടക്കാര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി നല്‍കിക്കഴിഞ്ഞു.
6 കോടി 20 ലക്ഷം രൂപ പൊന്നുരുന്നി മേല്‍പ്പാലത്തിനായി വകമാറ്റി ചെലവാക്കിയതായി അറിയുന്നു. കേന്ദ്രം അനുവദിച്ച ഫണ്ട് മുഴുവനും വകമാറ്റി ചെലവഴിച്ച് പാവപ്പെട്ടവരെ പെരുവഴിയിലാക്കിയ ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുവരുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി ഷാജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: