ന്യൂദല്‍ഹി: നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവം നരേലയില്‍ ആഘോഷിച്ചു. പഞ്ചാബി കോളനിയിലെ സനാതന മന്ദിര്‍ അങ്കണത്തില്‍ നടന്ന അയ്യപ്പ പൂജാ മഹോത്സവം ഉത്തരേന്ത്യന്‍ ജനതയ്ക്കും വളരെയേറെ ഇഷ്ടപ്പെട്ടു.
മലയാളികളോടൊപ്പം മണ്ഡലാഘോഷ ലഹരിയില്‍ ശരണം വിളിച്ചും ആനന്ദ നൃത്തം ചവുട്ടിയും ആദ്യവസാനം വരെ പൂജാ വേദിയിലും മറ്റും അവരും നിറഞ്ഞു നില്ക്കുന്ന കാഴ്ചയ്ക്കാണ് നരേല എന്ന ഉത്തര ദല്‍ഹിയിലെ ഗ്രാന്തരീക്ഷം സാക്ഷ്യം വഹിച്ചത്.
ഭക്തരുടെ ശരണം വിളികളും പല്ലശന ഉണ്ണി മാരാരും സംഘവും തീര്‍ത്ത മേളപ്പെരുക്കവും അക്ഷരാര്‍ഥത്തില്‍ നരേലയെ ഭക്തി നിര്‍ഭരമാക്കുക മാത്രമല്ല അയ്യനെ കൂടുതലായി മനസ്സിലാക്കുവാനും അറിയുവാനും തദ്ദേശീയര്‍ക്ക് അവസരമൊരുക്കിയെന്നതാണ് വസ്തുത. ഈ സന്തോഷം അവിടെ തിങ്ങി നിറഞ്ഞ ഒരോ ഉത്തരേന്ത്യന്‍ മുഖങ്ങളിലും ദൃശ്യമായിരുന്നു. ഒപ്പം തന്നെ പ്രവാസജീവിത വേളയിലും കലിയുഗവരദാനായ ശ്രീ അയ്യപ്പ സ്വാമിയെ ആരാധിക്കുവാനും പൂജിയ്ക്കുവാനും സ്വാമിയുടെ അനുഗ്രഹാശിസ്സുകളേറ്റു വാങ്ങുവാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം സ്ഥാനീയരായ ഓരോ പ്രവാസി മലയാളിയുടെയും ഭാവങ്ങളില്‍ നിറഞ്ഞു കാണാമായിരുന്നു.
സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ച് ഗുരുസ്വാമി പദ്മനാഭന്ജിയുടെ നേതൃത്വത്തില്‍ ശരണം വിളികളോടെ അന്നദാന പ്രഭുവായ അയ്യപ്പന്റെ നാമത്തില്‍ നടത്തിയ അന്നദാനത്തോടെയാണ് നരേല അയ്യപ്പ സേവാ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തിന് ആരംഭം കുറിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടു കൂടി ആരംഭിച്ച ഭണ്ടാര (അന്നദാനം) ഏകദേശം മൂന്നു മണി വരെ നീണ്ടുനിന്നു.
വൈകീട്ട് അഞ്ചു മണിയ്ക്ക് പഞ്ചാബി കോളനിയീലെ സനാതന്‍ മന്ദിറില്‍ (ക്ഷേത്രം) പരിസരത്തു നിന്നും പ്രദാന തന്ത്രി ജയപ്രകാശ് ഭട്ട് ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാഞ്ജനത്തോടെ നാല്‍വര്‍ സംഘം അയ്യപ്പനെ വഹിച്ചു കൊണ്ടുള്ള പല്ലക്കുമേന്തി ഘോഷയാത്രയായി പുറപെടുകയും ചെയ്തു. ആയതിനു മുന്നില്‍ പല്ലശന ഉണ്ണി മാരാരും സംഘവും നയിച്ച മേളവാദ്യവും ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നടന്ന ഇരുപത്തി നാല് പേരടങ്ങുന്ന കേരളീയ വനിതകളുടെ താലപ്പൊലിയും ശരണം വിളികളോടെ നടന്നു നീങ്ങിയ ഭക്തജനക്കൂട്ടവും അക്ഷരാര്‍ത്ഥത്തില്‍ നരേലയെന്ന കൊച്ചു പ്രദേശത്തെ ഭക്തിനിര്‍ഭരമാക്കി.
നരേലയിലെ പ്രദാന കച്ചവട കേന്ദ്രങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച ഘോഷയാത്ര ഏകദേശം ഏഴു മണിയോടു കൂടി സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ തിരിച്ചെത്തി.
തുടര്‍ന്ന് അയ്യന്റെ തിരുനടയില്‍ മേളത്തോട് കൂടി മുഖ്യ തന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ദീപാരാധന, ദല്‍ഹിയിലെ പ്രശസ്തമായ ശ്രീമൂകാംബിക കീര്‍ത്തന സംഘത്തിന്റെ ഭജനയും എന്നിവ നടന്നു. സ്ഥാനീയ ബി.ജെ.പി നേതാവ് രാജേന്ദ്ര സിംഗാള്‍, കോണ്‍ഗ്രസ് നേതാവ് സത്യ പ്രകാശ് ശര്‍മ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തില്‍ സ്ഥാനീയ ബിജെപി നേതാവും എംഎല്‍എയുമായ നീല്‍ദമന്‍ ഖത്രിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ഏകദേശം ഒന്‍പതര മണിയോടു കൂടി തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീമൂകാംബിക കീര്‍ത്തന സമിതി ഹരിവരാസനം പാടി പൂജക്ക് സമാപനം കുറിക്കുകയും തുടര്‍ന്ന് ഭക്തര്‍ക്കായി ശാസ്താ പ്രീതിയും പ്രസാദ വിതരണവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: