തൃപ്പൂണിത്തുറ: മോര്‍ച്ചറി ഷമീറിന്റെ ഘാതകരില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മൊത്തം 13 പ്രതികളുണ്ടെന്ന് തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു. വെണ്ണല അര്‍ക്കക്കടവ് സ്വദേശികളായ കാവരയില് കെ.എം. പ്രസാദ് (54), പനപ്പിള്ളിയില് പി.വി. ഗബ്രിയേല്‍ (53) എന്നിവരാണ് അറസ്റ്റിലായത്.
പാലാരിവട്ടം സിഐടിയു അംഗങ്ങളാണ് പിടിയിലായ രണ്ടുപേരും. കഴിഞ്ഞ ഒരു മാസം മുമ്പ് യൂണിയന് ഓഫീസില്‍വെച്ച് കൊല്ലപ്പെട്ട മോര്‍ച്ചറി ഷമീറുമായി പ്രതികള്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനുമുമ്പ് പ്രതി പ്രസാദിന്റെ മകനുമായി ഷമീര്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഷമീറിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടുകൂടി 13 പ്രതികളും സംഘം ചേര്‍ന്ന് ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ ഷമീര്‍ താമസിക്കുന്ന എരൂര്‍ അര്‍ക്കക്കടവ് പാലത്തിന് സമീപമെത്തി. ഇവരില്‍ 3 പേര് ഷമീറിന്റെ വീട് ലക്ഷ്യമാക്കി നടക്കുകയും ബാക്കിയുള്ളവര്‍ പുറത്തു കാവലിലുമായിരുന്നു. 12 പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ഷമീറിന്റെ വീടുലക്ഷ്യമാക്കി നടന്നവരില്‍ 3 പേരില്‍ ഒരാള്‍ ഷമീറിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തുകയറി. ശബ്ദം കേട്ട് ഷമീര്‍ എഴുന്നേറ്റപ്പോള്‍ തന്നെ തോര്‍ത്തുകൊണ്ട് മുഖംമറച്ചയാള് ഷമീറിനെ വെട്ടി.
വെട്ടുകൊണ്ട ഷമീര്‍ കട്ടിലിലേക്ക് വീണു. ഈ സമയം തോര്‍ത്തുമുണ്ട് മുഖത്തുനിന്ന് മാറിയ അക്രമിയെ ഷമീര്‍ തിരിച്ചറിയുകയും അളിയാ വെട്ടല്ലേ കൊച്ചിന്റെ ദേഹത്തു കൊള്ളുമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഒച്ചകേട്ട് ഷമീറിന്റെ ഉമ്മയും ഭാര്യയും ഉറക്കത്തില്നിന്നുമെണീറ്റ് അലറിക്കരഞ്ഞുകൊണ്ട് അക്രമിയുടെ കയ്യില്‍ കയറിപ്പിടിച്ചു. ഈ സമയം ഹെല്‍മറ്റ് വച്ച് കൂടെനിന്നിരുന്ന മറ്റ് രണ്ട് പ്രതികള്‍ ഷമീറിനെ തുരുതുരാ വെട്ടി.
ദേഹത്താകമാനം ആഴത്തില്‍ വെട്ടേറ്റ ഷമീറിനെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. മൃതപ്രായനായി കിടന്ന ഷമീര്‍ തിരിച്ചറിഞ്ഞയാളുടെ പേര് ഭാര്യയോട് പറഞ്ഞിരുന്നു. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ പോലീസും അന്നുതന്നെ ഗബ്രിയേലിനെ പിടികൂടി. ചോദ്യംചെയ്തു വിട്ടയച്ച ഗബ്രിയേലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് മറ്റ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞത്.
ഗബ്രിയേലിനെയും പ്രസാദിനെയും അറസ്റ്റുചെയ്ത പോലീസ് മറ്റ് പ്രതികള്‍ക്കായി ഊര്‍ജിതമായി തിരയുന്നുണ്ട്. ഏതാനും പേര് രണ്ട് ദിവസത്തിനകം അറസ്റ്റിലാകുമെന്ന് കേസന്വേഷിക്കുന്ന അസി. കമ്മീഷണര്‍ ബിജൊ അലക്സാണ്ടര്‍, സിഐ ബൈജു എം. പൗലോസ്, എസ്ഐ പി.ആര്. സന്തോഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: