തുറവൂര്‍: അമ്പലപ്രാവുകള്‍ക്ക് അന്നമൂട്ടാന്‍ തമ്പാന് ചേട്ടന് ഇനിയില്ല. ഇന്നലെ പുലര്‍ച്ചെ ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് മരിച്ച കുര്യന്ചിറയില് തമ്പാനെന്ന കെ.എന്‍. പുരുഷോത്തമനെ അറിയാത്തവര്‍ വിരളം. തുറവൂര്‍ അമ്പലത്തിന്റെ ആല്‍ത്തറയ്ക്ക് സമീപം പ്രാവുകളോട് സല്ലപിച്ചിരിക്കുന്ന തമ്പാന് ചേട്ടന് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പതിവു കാഴ്ചയാണ്. തുറവൂര്‍ മഹാക്ഷേത്രത്തിലെ പ്രാവുകള്‍ നേരം പുലരുന്നതുമുതല്‍ ഓട്ടോറിക്ഷയിലെത്തുന്ന തമ്പാനെയും കാത്ത് നില്‍പ്പാണ്. മടിക്കുത്തില്‍ പ്രാവുകള്‍ക്കുള്ള ധാന്യവുമായാണ് തമ്പാന് എന്നും ക്ഷേത്രദര്‍ശനത്തിനെത്തുക.
വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരു അപകടത്തില്‍ തുടയെല്ലിന് സാരമായി പരിക്കേറ്റ ഇദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. ക്ഷേത്രഗോപുരത്തിന് സമീപം ഓട്ടോയില്‍ നിന്ന് തമ്പാന് ഇറങ്ങിയാലുടന്‍ പ്രാവുകളും മുട്ടിയുരുമ്മി ഒപ്പം കൂടും. അവരുടെ സ്നേഹത്തിന്റെ ഭാഷ തമ്പാന് മാത്രമേ മനസിലാകൂ. ക്ഷേത്ര ദര്‍ശനം നടത്തി ആല്‍ത്തറയ്ക്ക് സമീപമുള്ള കുളപ്പുരമാളികയുടെ തറയില്‍ പുരുഷോത്തമന് ഇരുന്നാല്‍ ഉടന്‍ പ്രാവുകള്‍ ചുറ്റും കൂടും. കഴുത്തിലും കൈകളിലും പറന്നിരിക്കും. മടിക്കുത്തില്‍ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങള്‍ പുരുഷോത്തമന് പ്രാവുകള്‍ക്ക് നല്‍കും. ഇവരുടെ സ്നേഹപ്രകടനം ദര്‍ശനത്തിനെത്തുന്നവര്‍ക്ക് എന്നും കൗതുകമായിരുന്നു.
പക്ഷിമൃഗാദികളുടെ കളിത്തോഴനായിരുന്നു തമ്പാന്. വെള്ളിമൂങ്ങ, പരുന്ത്, മൈന, കാക്ക, കുയില്‍, മരപ്പട്ടി, ഉടുമ്പ്, മലയണ്ണാന്, പൊന്നുടുമ്പ്, മലമ്പാമ്പ് എന്നുവേണ്ട സര്‍വ പക്ഷി മൃഗാദികളെയും തമ്പാന് വളര്‍ത്തിയിരുന്നു. വെള്ളിമൂങ്ങയെ വനം വകുപ്പ് ഏറ്റെടുത്തു. 18 മുട്ടകളുമായി ഇവിടെയുണ്ടായിരുന്ന മലമ്പാമ്പിനെ ആന്ധ്രാ യൂണിവേഴ്സിറ്റിയിലേക്ക് ഗവേഷണത്തിനായി കൊണ്ടുപോയിരുന്നു.
തുറവൂരില്‍ അപകടത്തില്‍പെടുന്ന പാമ്പിനെയും മറ്റു മൃഗങ്ങളെയും രക്ഷിച്ച് വനംവകുപ്പിന് കൈമാറിയിരുന്ന തമ്പാന് മൃഗസംരക്ഷണ വകുപ്പിന്റെയും, വനം വകുപ്പിന്റെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നല്ലൊരു കര്ഷകന് കൂടിയായിരുന്ന പുരുഷോത്തമന് ദേശീയപാതയോരത്ത് വിവിധയിനം വാഴകളും പച്ചക്കറികളും നട്ട് പിടിപ്പിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനാവലിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: