ചാരുംമൂട്: സ്വര്‍ണമാലയും പണവും മോഷണം പോയതായി പരാതി. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി കിഴക്കേമുറി ഏഴാം വാര്‍ഡില്‍ കല്ലിശേരി പടീറ്റതില്‍ പ്രദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തുള്ള കതകിന്റെ പൂട്ട് തകര്‍ത്ത് കതക് തുറന്നാണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന് സ്വര്‍ണമാലയും അയ്യായിരം രൂപയുമാണ് മോഷണം പോയത്. കഴിഞ്ഞദിവസം രാവിലെ എട്ടിനും പത്തിനും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മേസ്തരിതൊഴിലാളിയായ പ്രദീപും കശുവണ്ടി തൊഴിലാളിയായ ഭാര്യയും ജോലിക്കു പോയിരുന്നു. ട്യൂഷനു പോയി തിരികെ എത്തിയ പ്രദീപിന്റെ മക്കളാണ് കതക് തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: