ആലപ്പുഴ: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഇതേത്തുടര്‍ന്നു അനേകം യാത്രക്കാര്‍ വലഞ്ഞു. ചെങ്ങന്നൂര്‍ ഒഴികെയുള്ള ഡിപ്പോകളാണ് സമരത്തില്‍ ഏര്‍പ്പെട്ടത്. എട്ടുദിവസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. ജില്ലയിലെ ഏഴു ഡിപ്പോകളില്‍ ആറിടത്തും സര്‍വീസുകള്‍ മുടങ്ങി. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് ഒന്നും ചേര്‍ത്തല, കായംകുളം ഡിപ്പോകളില്‍ ഏഴും, എടത്വായില്‍ ആറും ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളില്‍ മൂന്ന് സര്‍വീസുകളും മാത്രമാണ് ശനിയാഴ്ച വൈകിട്ട് വരെയുണ്ടായിരുന്നത്.
ചെങ്ങന്നൂരില്‍ പമ്പ സര്‍വീസുകള്‍ ഒഴികെ മറ്റൊരു സര്‍വീസും വൈകിട്ട് വരെ നടന്നില്ല. ശബരിമല യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചെങ്ങന്നൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ സമരത്തില്‍ നിന്നും വിട്ടുനിന്നത്. ആലപ്പുഴയില്‍ തീവണ്ടി ഗതാഗത നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സാധാരണ യാത്രക്കാരുടെ യാത്രാക്ലേശം രൂക്ഷമായി. ജില്ലയില്‍ ദേശീയപാതയിലേയും തീരദേശപാതയിലേയും യാത്രക്കാരാണ് സമരം മൂലം ഏറ്റവുമധികം ദുരിതത്തിലായത്.
കൊല്ലം ജില്ലയില്‍ പിഎസ്സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ സമരം മൂലം വലഞ്ഞു. മണിക്കൂറുകളോളം കാത്ത് നിന്നിട്ടും പലര്‍ക്കും ബസ് കിട്ടിയില്ല. ശമ്പള വിതരണം ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്ത് തുടങ്ങിയ സാഹചര്യത്തിലാണ് വൈകിട്ടോടെ പല സര്‍വീസുകളും നടത്താന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: