തിരുവനന്തപുരം: ഭരണഘടനാ ശില്‍പ്പി എന്നതിലുപരി ആധുനിക ഭാരതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച മഹാനായ വ്യക്തിയാണ് ഡോ. അംബേദ്ക്കറെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്. പട്ടികജാതി മോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്ക്കര്‍ അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം അംഗീകരിക്കുന്ന ഭാരത ഭരണഘടനയുടെ ശില്‍പ്പി. രാജ്യത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ കഴിവുകള്‍ ഭാരതം ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നു സംശയം. അംബേദ്ക്കര്‍ക്കു മാത്രമല്ല. മറ്റ് ദേശീയ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. സാമ്പത്തിക മേഖലയിലെ വിദഗ്ധനായിരുന്നു അദ്ദേഹം. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍ പോലും അംഗീകരിച്ചിട്ടുള്ളത് അംബേദ്കറിനെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യമന്ത്രിസഭയില്‍ അംബേദ്ക്കര്‍ നിയമമന്ത്രിയായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജിക്ക് ലഭിച്ചത് വ്യവസായവും. എന്നാല്‍, സാമ്പത്തിക വിദഗ്ധനായ അംബേദ്ക്കര്‍ ധനമന്ത്രിയായിരുന്നെങ്കില്‍ ഭാരതത്തിന്റെ ഇന്നത്തെ മുഖ്യം വേറെ ആകുമായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ശ്യാമപ്രസാദ് മുഖര്‍ജിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയിരുന്നെങ്കിലും ഇതേ അവസ്ഥയുണ്ടാകുമായിരുന്നു. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിഷേധാത്മക നിലപാടാണ് ഇങ്ങനെ സംഭവിപ്പിച്ചത്.
തന്നെക്കാള്‍ മെച്ചമുള്ള ഒരു ഭരണാധികാരി ഉണ്ടാകാന്‍ പാടില്ലെന്ന കുബുദ്ധി നെഹ്റുവിനുണ്ടായിരുന്നു. കിട്ടിയ വകുപ്പുകളില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ അംബേദ്ക്കറിനും ശ്യാമപ്രസാദ് മുഖര്‍ജിക്കും സാധിച്ചു. അംബേദ്ക്കര്‍ ഒരു രാഷ്ട്രീയക്കാരനേയല്ലായിരുന്നു. ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു. രാഷ്ട്രീയക്കാര്‍ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അംബേദ്ക്കര്‍ അടുത്ത തലമുറയെ കുറിച്ച് ചിന്തിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, അദ്ദേഹം പ്രതിനിധീകരിക്കുന്ന മനുഷ്യര്‍ക്ക്, പാവപ്പെട്ടവര്‍ക്കും താഴ്ന്നവര്‍ക്കും ഇന്നും സ്വാതന്ത്ര്യവും നീതിയും ലഭിക്കുന്നില്ല.
സമൂഹത്തിലേക്ക് ഉയര്‍ന്നു വരാനായി ഭരണഘടന അനുശാസിക്കുന്ന എല്ലാ വാതായനങ്ങളും തുറന്നിട്ടിട്ടും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും എസ്സി, എസ്ടി ജനവിഭാഗത്തെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ എല്ലാ മേഖലകളിലും പാര്‍ശ്വ വത്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കെ. ചന്ദ്രന് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.പി. വാവ, ബിജെപി ദേശീയ സമിതി അംഗം ജോര്‍ജ് കുര്യന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പൊന്നറ അപ്പു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: