ഫ്ലോറിഡ: മനുഷ്യനെ ചൊവ്വ ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ രൂപകല്‍പ്പന ചെയ്ത ബൃഹത് പദ്ധതിയായ ഓറിയോണിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഓറിയോണിനെയും വഹിച്ചുള്ള ഡെല്‍റ്റ-4 എന്ന റോക്കറ്റ് ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നും വിക്ഷേപിച്ചത്.
അടുത്ത തലമുറയിലെ ബഹിരാകാശ പേടകമെന്നാണ് നാസ ഓറിയോണിനെ വിശേഷിപ്പിക്കുന്നത്. ഓറിയോണിന്റെ ആദ്യ പരീക്ഷണം ഇന്നലെ മാറ്റിവച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പരീക്ഷണം മാറ്റിവച്ചത്. അതിനെതുടര്‍ന്ന് 24 മണിക്കൂറിനകം നാസ പരീക്ഷണം നടത്തുകയായിരുന്നു. ഭ്രമണ പഥത്തിലെത്തിയ പേടകം നാലര മണിക്കൂര്‍ കൊണ്ട് രണ്ട് തവണ ഭൂമിയെ വലംവച്ചു. ബഹിരാകാശ നീരീക്ഷണങ്ങള്‍ക്കായി ശൂന്യാകാശത്ത് സ്ഥാപിച്ചിട്ടുള്ള അന്തരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ പരിക്രമണം ചെയ്യുന്നതിലും 15 മടങ്ങ് വേഗത്തിലാണ് ഓറിയോണ്‍ വാഹനം ഭൂമിയെ ചുറ്റിയത്.
തുടര്‍ന്ന്, കാലിഫോര്‍ണിയ തീരക്കടലിലെ ബാജയ്ക്കു സമീപം കടലില്‍ പതിച്ചു. ഇതോടെ ആദ്യ ഘട്ടപരീക്ഷണം പൂര്‍ത്തിയായി. കടലില്‍ നങ്കൂരമിട്ടിരുന്ന സുരക്ഷാ സേനയുടെ ബോട്ടുകള്‍ പേടകത്തെ സുരക്ഷിതമായി കരയിലെത്തിച്ചു. ‘ചൊവ്വാ യുഗത്തിന്റെ ആദ്യ ദിനം’ എന്നാണ് ഓറിയോണ്‍ വിക്ഷേപണത്തെ നാസാ അഡ്മിനിസ്ട്രേറ്റര്‍ ചാന്‍സ് ബോര്‍ഡര്‍ ജൂനിയര്‍ വിശേഷിപ്പിച്ചത്.
1960 ,70 കളില്‍ നടന്ന ചാന്ദ്ര ദൗത്യമായ അപ്പോളോക്ക് ശേഷം നാസ നടത്തുന്ന വലിയ കാല്‍വയ്പാണ് ഓറിയോണ്‍. ഓറിയോണിനെ വിക്ഷേപിക്കാന്‍ കൂടുതല്‍ ശേഷിയുള്ള വലിയ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റവും നിര്‍മ്മാണ ഘട്ടത്തിലാണ് . ഇതു രണ്ടും സജ്ജമാകുന്നതോടെ ബഹിരാകാശ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്നാണ് നാസയുടെ കണക്ക് കൂട്ടല്‍.
2030 കളോടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസയുടെ പദ്ധതി. അതിന് മുന്‍പ് ഛിന്നഗ്രഹങ്ങളില്‍ മനുഷ്യനെ ഇറക്കാനും ലക്ഷ്യമിടുന്നുണ്ട്. മനുഷ്യരില്ലാതെ ഓറിയോണിനെ ബഹിരാകാശത്ത് എത്തിച്ച് രണ്ട് തവണ ഭൂമിയെ ഭ്രമണം ചെയ്യിച്ച ശേഷം തിരികെ എത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: