ആലപ്പുഴ: കയര്‍ മേഖല കടുത്ത പ്രതിസന്ധി നേരിട്ടിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി. ഈ സാഹചര്യത്തില്‍ ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുന്നു. സഹകരണ സംഘങ്ങള്‍ കയര്‍ കോര്‍പറേഷനില്‍ നിന്നും ലഭിച്ച ഓര്‍ഡറിന് പ്രകാരമുള്ള കയറുത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് നല്‍കിയതിന്റെ വില ആറു മാസത്തോളമായി നല്‍കുന്നില്ല. അതിനാല്‍ സംഘാംഗങ്ങളും തൊഴിലാളികളും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.
ചെറുകിട ഉത്പാദകരുടെ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കയര്‍ കോര്പറേഷന് മുഖേന നല്കുന്ന എംഡിഎ മൂന്നു വര്‍ഷമായി സംഘങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ക്രയവില സ്ഥിരതാ പദ്ധതി പ്രകാരം കോര്പറേഷന് ഓര്‍ഡര്‍ നല്കുന്ന കയറ്റുമതിക്കാര്‍ക്ക് സബ്സിഡിയായി നല്‍കേണ്ട തുക സര്‍ക്കാരില്‍ നിന്ന് യഥാസമയം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 4.80 കോടി അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഈ തുക പോലും ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയുന്നില്ല.
ക്രയവില സ്ഥിരതാ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും യഥാസമയം സര്‍ക്കാരില്‍ നിന്നും കയര്‍ കോര്‍പറേഷനു നല്‍കേണ്ട തുക നല്‍കുന്നില്ലെന്ന സ്ഥിതിവിശേഷമാണുള്ളത്. ഉത്പന്നങ്ങള്‍ കൊടുത്ത വകയില്‍ സഹകരണ സംഘങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ ലഭിക്കുവാനുണ്ട്. ചകിരിയുടെയും കയറിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ തൊണ്ട് പൂര്‍ണമായും സംഭരിച്ച് ചകിരിയാക്കുവാന് കഴിയാത്തതിനാല്‍ തമിഴ്നാട്ടിലെ ചകിരിയെ ആശ്രയിച്ചാണ് വ്യവസായം നടക്കുന്നത്. തൊണ്ടു സംഭരിക്കുന്നതിനു വേണ്ടി പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയെങ്കിലും ഫലപ്രദമായിട്ടില്ല. തമിഴ്നാട്ടുകാര്‍ തീരുമാനിക്കുന്ന വിലകൊടുത്തു ചകിരി വാങ്ങുവാന്‍ വ്യവസായികള്‍ നിര്‍ബന്ധിതരാകുന്നു. തമിഴ്നാട്ടിലെ വ്യവസായികള്‍ ഇന്ന് കയറും ഉത്പാദിപ്പിച്ച് വ്യവസായ മേഖലയില്‍ വിതരണം നടത്തുന്നു. ഈ കയര്‍ പിവിസി ടഫ്റ്റഡ് മാറ്റിനു വേണ്ടി ഉപയോഗിക്കുന്നതിനാല്‍ സംസ്ഥാനത്തെ കയര്‍ പിരി മേഖലയിലും തൊഴിലില്ലായ്മ നേരിടുകയാണ്.
ക്രയവില സ്ഥിരതാ പദ്ധതി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക സഹായം കയര്‍ കോര്പറേഷന് അടിയന്തരമായി നല്‍കുക. തൊണ്ടു സംഭരണത്തിനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക. ഉത്പാദന ചെലവിന്റെ വര്‍ദ്ധന പരിഗണിച്ച് കയര്‍ ഉത്പന്നങ്ങളുടെ വില പുതുക്കി തീരുമാനിച്ചു നടപ്പാക്കുക.
സ്മാള്‍ സ്കെയില്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ കോര്പറേഷന് നല്കുവാനുള്ള എംഡിഎ ഉടനെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സ്മാള്‍ സ്കെയില്‍ കയര്‍ മാനുഫാക്ചേഴ്സ് ഫെഡറേഷന് എട്ട്, ഒമ്പത് തീയതികളില്‍ പ്രക്ഷോഭ പ്രചരണ ജാഥയും 16ന് കളക്ട്രേറ്റ് പടിക്കല്‍ പ്രകടനവും ധര്‍ണയും നടത്തും. തുടര്‍ന്ന് കയര്‍ കോര്‍പറേഷന്റെയും കയര്‍ പ്രോജക്ട് ഓഫീസിന്റെയും മുന്നില്‍ സത്യഗ്രഹ സമരവും നടത്തുമെന്ന് പ്രസിഡന്റ് എം.പി. പവിത്രന്, ജനറല്‍ സെക്രട്ടറി ഡി. സനല്‍കുമാര്‍, ഭാരവാഹികളായ വി.എ. ജോസഫ്, കെ. ശ്രീധരന്, എന്‍.വി. തമ്പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: