ആലപ്പുഴ: പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ആലപ്പുഴ ടിഡി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ വിശദമായ അന്തിമരൂപരേഖയും എസ്റ്റിമേറ്റും ഉടനെ പുതുക്കി തയ്യാറാക്കാന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. 150 കോടി രൂപ ചെലവുള്ള പദ്ധതിയില്‍ 120 കോടി കേന്ദ്രസര്‍ക്കാരാണു നല്‍കുന്നത്, കെട്ടിടനിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് കേന്ദ്രമാനദണ്ഡ പ്രകാരം പുതുക്കുന്നതിനും അതില്‍ സംസ്ഥാനസര്‍ക്കാരിന്റെ കൂടുതല്‍ പങ്കാളിത്തം സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കുന്നതിനും വേണ്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ യോഗം ചേരണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി.
മെഡിക്കല്‍ കോേളജ് കോമ്പൗണ്ടിലാണ് അഞ്ചു നിലകളുള്ള പുതിയ ബ്ലോക്ക് പണിതുയര്‍ത്തുക. എട്ട് ഓപ്പറേഷന് തീയറ്ററും 200 കിടക്കകളും 50 ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ബെഡും ഉള്ളതായിരിക്കും പുതിയ ബ്ലോക്ക്. ഒമ്പതു ഡിപ്പാര്‍ട്ടുമെന്റുകളില്‍ രണ്ടെണ്ണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയതായിരിക്കും. പ്ലാസ്റ്റിക് സര്‍ജറി, എന്റോക്രൈനോളജി എന്നിവയാണ് അവ. പിഎംഎസ്എസ്വൈയുടെ മൂന്നാം ഘട്ടത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: