ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണത്തിനുള്ള ഹ്രസ്വ-ദീര്‍ഘകാല പ്രവര്‍ത്തനങ്ങളടങ്ങുന്ന പദ്ധതിക്കും പരിപാടികള്‍ക്കും രൂപം നല്‍കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍. വേമ്പനാട് കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കായല്‍ കൈയേറ്റവും മലിനീകരണവും തടയുന്നതിനും ജൈവസമ്പത്ത് നിലനിര്‍ത്തുന്നതിനും കൃഷി-ഫിഷറീസ്-തുറമുഖം-ജലസേചനം-റവന്യൂ-ടൂറിസം അടക്കമുള്ള വകുപ്പുകള്‍ക്ക് സ്വീകരിക്കാവുന്ന പദ്ധതികള്‍ തയാറാക്കി രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. വകുപ്പുകള്‍ നല്കുന്ന പദ്ധതികള്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മുന്‍ അസോഷ്യേറ്റ് ഡയറക്ടറായ ഡോ. കെ.ജി. പത്മകുമാര്‍ ക്രോഡീകരിക്കും.
തുടര്‍ന്ന് കായല്‍ സംരക്ഷണത്തിനുള്ള വിപുലമായ പദ്ധതി തയാറാക്കുന്നതിനായി വിവിധ വകുപ്പുകളെയും ശാസ്ത്രജ്ഞരെയും സര്‍ക്കാരിതര സംഘടനകളെയും കര്‍ഷകരെയും മത്സ്യ-കക്ക തൊഴിലാളികളെയും ഉള്‍പ്പെടുത്തി ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും. ശില്പശാലയിലൂടെ തയാറാക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. കായല്‍ സംരക്ഷണത്തിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടു കൂടിയ സംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യത ആരായും.
വേമ്പനാട് കായലില്‍ ജൈവമാലിന്യത്തിന്റെ അളവ് വര്‍ധിച്ചതായി ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നടത്തിയ നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് ക്രമാതീതമായി കാണുന്നു. ആരോഗ്യത്തിനു ഹാനീകരമായ ഖനമൂലകങ്ങളായ ലെഡ്, കാഡ്മിയം, സിങ്ക് എന്നിവയുടെ അളവും ക്രമാതീതമാണ്. പുന്നമടയിലും പള്ളാത്തുരുത്തിയിലും ഇവയുടെ അളവ് കൂടുതലാണ്. മാലത്തിയോണ്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് വരെയുള്ള 13 തരം കീടനാശിനികളുടെ സാന്നിധ്യം ജലത്തിലുണ്ട്. മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇരുപതിലധികം ജീവജാലങ്ങള്‍ക്ക് വംശനാശം നേരിട്ടു. ചില ഘട്ടങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി കാണുന്നുവെന്നും കായല്‍സംരക്ഷണത്തിന് ശാസ്ത്രീയ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുകള്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കായല്‍സംരക്ഷണത്തിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു. വിവിധ തലങ്ങളിലുള്ളവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഡോ. കെ.ജി. പത്മകുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ഇന്ദു വിജയനാഥ്, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, സര്‍ക്കാരിതര സംഘടനയുടെ പ്രതിനിധികള്‍, പാടശേഖരപ്രതിനിധികള് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: