തലവടി: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ. ക്ഷേത്രവും പരിസരപ്രദേശങ്ങളും പൊങ്കാല അടുപ്പുകള്‍ കൊണ്ടു നിറഞ്ഞു. ഭക്തസഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി കാലേകൂട്ടി സ്ഥലങ്ങള്‍ ബുക്ക് ചെയ്തത്. ഭക്തരെ സ്വീകരിക്കുന്നതിനും വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ക്ഷേത്രം അധികൃതര്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇത്തവണ പൊങ്കാല അര്പ്പിക്കുന്നവരുള്പ്പെടെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി എട്ടുലക്ഷത്തോളം ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊങ്കാല അര്‍പ്പിക്കുന്നതിന് തമിഴ്നാട്, കര്‍ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തിച്ചേരും. തിരുവല്ല മുതല്‍ തകഴി വരെയും എംസി റോഡില്‍ ചെങ്ങന്നൂര്‍ വരെയും പൊങ്കാലയര്‍പ്പിക്കാനായി ഭക്തര്‍ ഇപ്പോഴേ ഇടം പിടിച്ചു തുടങ്ങി. പുലര്‍ച്ചെ മൂന്നരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഇന്ന് വൈകിട്ട് മുതല്‍ പൊങ്കാല നിവേദിക്കുന്നത് വരെ പുരുഷന്മാര്ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദമില്ല.
പൊങ്കാലയുമായി ബന്ധപ്പെട്ടു തലവടി നടുവിലെമുറി 1972-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആരംഭിച്ചു. ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. വിശ്വനാഥന്, സെക്രട്ടറി കെ.ജി. ഉദയകുമാര്‍, എം.ജി. കൊച്ചുമോന്, കെ.ജി. ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: