ചേര്‍ത്തല: ബസ് യാത്രക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരാതി നല്കുവാനുള്ള വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ ബസുകളില്‍ പതിക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബസുകളില്‍ ഒട്ടിക്കുവാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ സ്റ്റിക്കറുകള്‍ വിതരണം ചെയ്തത്. സബ് ആര്‍ടി ഓഫീസ്, ജോയിന്റ് ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, വാഹന ഉടമ എന്നിവരുടെ നമ്പറുകളാണ് സ്റ്റിക്കറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പല ബസുകളിലും ഈ സ്റ്റിക്കറുകള്‍ അപ്രത്യക്ഷമായി.
സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തില്‍ വ്യാപകമായി പരാതി ഉയര്‍ന്നപ്പോഴാണ് ബസ് ജീവനക്കാര്‍ക്ക് മൂക്ക് കയറിടാന്‍ പുത്തന്‍ ആശയവുമായി വകുപ്പധികൃതര്‍ രംഗത്തെത്തിയത്. യാത്രക്കിടെ തന്നെ പരാതി നല്കുവാനുള്ള വിലാസവും ഫോണ്‍ നമ്പറും എല്ലാം സ്റ്റിക്കറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പരാതി നല്കിയാല് കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ആദ്യമുണ്ടായിരുന്ന ആവേശം പദ്ധതി നടത്തിപ്പില്‍ പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
സ്റ്റിക്കര്‍ പതിക്കാത്തവര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. വളരെ ചുരുക്കം ചില ബസുകളില്‍ മാത്രമാണ് ഇത് പതിച്ചിട്ടുള്ളത്. ബസ് ഡ്രൈവര്‍ അമിതവേഗത്തിലോ, അലക്ഷ്യമായോ, മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചോ, മൊബൈല്‍ ഫോണില്‍ സംസാരിച്ചോ വാഹനമോടിക്കുന്നതായി കണ്ടാല്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറില്‍ യാത്രക്കാരന് പരാതിപ്പെടാം. പരാതിക്കാരന്റെ പേര് പറയണമെന്ന് നിര്‍ബന്ധമില്ലെങ്കിലും വണ്ടിയുടെ പേരോ, നമ്പറോ, സഞ്ചരിക്കുന്ന റൂട്ടോ തുടങ്ങിയവയും തെളിവുണ്ടെങ്കില്‍ അതും കൈമാറണെമെന്നായിരുന്നു നിയമം. മോട്ടോര്‍ വാഹനവകുപ്പ് സ്ക്വാഡ് സമീപ പ്രദേശത്തുണ്ടെങ്കില്‍ സ്ഥലത്തെത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്നും അല്ലാത്തപക്ഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടപടിയുണ്ടാകും എന്നുമായിരുന്നു വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: