തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിന്റെ വര്ണ്ണകാഴ്ചകള് മായും മുമ്പേ രാജനഗരിക്ക് മറ്റൊരു കലാവിരുന്ന് ഒരുക്കി ജില്ലാ സ്കൂള്‍ മേള അരങ്ങത്തെത്തി. ഇനി മൂന്ന് നാള് ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ കലയുടെ കേളികൊട്ടിലമരും. എട്ട് വര്‍ഷത്തിന് ശേഷമാണ് തൃപ്പൂണിത്തുറ ജില്ല സ്കൂള്‍ കലാമേളക്ക് വേദിയാകുന്നത്.
ആദ്യദിനം അക്ഷരങ്ങളുടേയും വരകളുടേയും ചുവടുകളുടേയും താളത്തിന്റേതുമായിരുന്നു. കഥയും കവിതയും ചിത്രങ്ങളും പ്രധാനവേദിയായ ഗവ.ബോയ്സ് ഹയര്‍സെക്കന്ററിയിലെ ക്ലാസ്റൂമുകളെ നിറംപിടിപ്പിച്ചു. സദാചാരവും ആനപ്രേമവുമൊക്കെ നിറഞ്ഞ വിഷയങ്ങളിലെ വ്യത്യസ്തത മത്സരത്തെ ഹരമുള്ളതാക്കി.
ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനമായിരുന്നു ആദ്യദിനത്തിലെ ശ്രദ്ധാകേന്ദ്രം. മൈതാനവിശാലതയില് ബാന്റ് മേളത്തിന്റെ ചടുലതാളവും പൊടിപടലവും പ്രകമ്പനം കൊള്ളിച്ചു. പട്ടാളച്ചിട്ടയുടെ കാഴ്ചവിരുന്ന് സമ്മാനിച്ച ബാന്റുമേളം കാണാന്‍ നാട്ടുകാരും മൈതാനത്തിലെത്തി.
മിഷന് എല്‍.പി.എസ് വേദിയില്‍ കാറല്സ്മാന് ശീലുകളോടെ ചവിട്ടുനാടകം അരങ്ങായി. മിന്നിതിളങ്ങുന്ന വേഷവിധാനങ്ങളോടെ പേരുകേട്ട ആശാന്മാരുടെ ശിക്ഷണത്തില്‍ ശിഷ്യന്മാര് വേദിയിലെത്തിയപ്പോള്‍ വേദിയുടെ വലിപ്പക്കുറവ് ചെറിയ ന്യൂനതതീര്ത്തു. സെന്റ് മേരീസ് എല്‍.പി.എസില്‍ മൈലാഞ്ചിമൊഞ്ചുമായി അറബിക് കലോത്സവം മാറ്റൊലിയായി. ഗവ.സംസ്കൃതസ്കൂള്‍ മൈതാനിയില്‍ തീര്‍ത്ത ഊട്ടുപുരയും കലോത്സവനഗരിയിലെത്തിയവരുടെ വിശപ്പകറ്റി. വര്‍ണ്ണപ്പൊലിമയുടെ നൃത്തനൃത്ത്യങ്ങളുമായിട്ടാണ് കലോതസവത്തിന്റെ രണ്ടാം ദിനം.
ചെറിയമത്സരങ്ങള് കടന്ന് ഇനി മൂന്ന് ദിനം കടക്കുന്നത് കലയുടെ അങ്കപുറപ്പാടിലേക്കാണ്. അതിനായി അടിമുടിയൊരുങ്ങി തൃപ്പൂണിത്തുറയിലെ 16 വേദികള്‍ തയ്യാറായികഴിഞ്ഞു. ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന്റെ തുടിതാളമുയരുകയായി.
വിവിധ ഇന മത്സരങ്ങളില്‍ ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാമേളയില്‍ ഇന്നലെ വിവിധ രചനാ മത്സരങ്ങളും, ബാന്റ് മേള മത്സരവും, ചവിട്ട്നാടകവും നടന്നു. ഇന്ന് രാവിലെ മുതല്‍ ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടംതുള്ളല്‍ മത്സരങ്ങള്‍ നടക്കും. യുപി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇതിനിടെ കലോത്സവം ആരംഭിച്ചിട്ടും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാത്തത് മത്സരാര്‍ത്ഥികളെയും ആദ്ധ്യാപകരേയും ഏറെ വലച്ചു. നഗരത്തിലെ 8 സ്കുളുകളിലും ലായം ഗ്രൗണ്ടിലുമായിട്ടാണ് 16 വേദികള്‍ ഒരുക്കിയിരിക്കുന്നത്. വേദികള്‍ തമ്മിലുള്ള അകലവും ഗതാഗത സൗകര്യവും ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായി. മത്സര വേദിയായ സ്കൂളുകള്‍ കണ്ടെത്തുന്നതിനു വേണ്ട ദിശാ ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. പ്രധാനവേദിയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരെയുള്ള സംസ്കൃതം സ്കൂളിലാണ് പാചകശാല തയ്യാറാക്കിയിരിക്കുന്നത്. ഇതും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിഷമത്തിലാക്കി. വ്യാഴാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: