കൊച്ചി : ഭാരതീയ ഭാഷകളിലെ എറ്റവും മഹാനും, പ്രതിഭാധനനുമായ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന് 2013ലെ ജ്ഞാനപീഠം ജേതാവും പ്രമുഖ ഹിന്ദി കവിയുമായ കേദാര്‍നാഥ് സിംഗ്. പതിനെട്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിഅമ്മ പുരസ്കാരം എംടിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംടിക്ക് പുരസ്ക്കാരം നല്കുവാനായതില് തനിക്കു അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംടിയിലെ സാഹിത്യകാരനെയും ചലച്ചിത്രകാരനെയും വേറിട്ട് കാണുവാന്‍ ആവില്ലെന്ന് പറഞ്ഞ അദ്ദേഹം, എംടിയുമൊത്തുള്ള യാത്രകള്‍ അനുസ്മരിച്ചു. എന്‍. അനന്തലക്ഷ്മിയുടെ കവിതാലാപനത്തോടെ ആരംഭിച്ച പുരസ്കാരസഭയില്‍ ഇ.എം. ഹരിദാസ് സ്വാഗതം പറഞ്ഞു. മൗനത്തിന്റെ ചിരിയാണ് എംടിയുടേതെന്ന് അദ്ധ്യക്ഷഭാഷണം നടത്തിയ പ്രമുഖ എഴുത്തുകാരാന് കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു.
മലയാള സാഹിത്യത്തിലെ മൂന്ന് തലമുറകള്‍ക്ക് ‘ഗൈടിംഗ് ഫാക്ടര്‍’ ആയ എംടിയെ ആദരിക്കുക വഴി നമ്മെ തന്നെയാണ് ആദരിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലാമണി അമ്മയുമായുള്ള സ്നേഹ സ്മരണകള്‍ പങ്കുവച്ച മകള്‍ ഡോ. സുലോചന നാലപ്പാട്ട് മലയാളത്തിന്റെ മാതൃഭാവമാര്ന്ന കവിതാശകലങ്ങള്‍ ചൊല്ലി. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി പി.എല്‍. ബാബു മംഗളപത്ര സമര്‍പ്പണം നടത്തി.
ഒരു അമ്മയുടെ അനുഗ്രഹം പോലെ വിനയത്തോടെയും സ്നേഹത്തോടെയും ഈ പുരസ്ക്കാരം ഏറ്റുവാങ്ങുന്നുവെന്നു എംടി പ്രതിസ്പന്ദത്തില്‍ പറഞ്ഞു. ശൈശവം ക്രൗര്യങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്ന ഈകാലത്ത് നാം ബാലാമണി അമ്മയുടെ കവിതകളിലൂടെ കടന്നു പോകണം.
ബാലാമണി അമ്മ ഇംഗ്ലീഷും സംസ്കൃതവും സ്വന്തമായി പഠിച്ചു സ്വന്തം കവിതകള്‍ ആ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അനുഗ്രഹീത കവയിത്രി ആണ്.അതേ സമയത്ത് ഒരു വീട്ടമ്മയുടെ എല്ലാ കെട്ടുപാടുകള്‍ക്കും ഉള്ളിലായിരുന്നു അവരുടെ ജീവിതം.
1968 മുതല്‍ തന്നെ പാശ്ചാത്ത്യ എഴുത്തുകാരനായ സോള്‍ ബെല്ലോയെ പോലെയുള്ളവര്‍ വായന മരിക്കുന്നുവെന്നു മുറവിളി കൂട്ടിയിരുന്നു. പക്ഷെ ഈ എഴുത്തുകാരുടെ തന്നെ കൃതികള്‍ക്ക് പിന്നീട് വന്‍ പ്രചാരം ലഭിക്കുകയുണ്ടായിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. സി.എന്‍. രത്നം നന്ദി പറഞ്ഞ സഭയില്‍ സി.എന്‍. സജിനിയും ജോബി ബാലകൃഷണനും അവതാരകരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: