ഗുവാഹതി: അല്‍ഖ്വയ്ദയും ഐസിസ് ഭീകരരും ഭാരതത്തിന് കടുത്ത ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ് അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത്. പല പല തന്ത്രങ്ങളിലൂടെ ഭാരതത്തെ ഉപദ്രവിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന് ഉപേക്ഷിച്ചിട്ടില്ല. രാജ്നാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മുവിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനൊന്നു പേര് മരിച്ചിരുന്നു. ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന പാക്ക് അവകാശവാദം പൊള്ളയാണ്. അദ്ദേഹം തുടര്‍ന്നു. തെറ്റിദ്ധരിക്കപ്പെട്ട ചില യുവാക്കള്‍ ഐസിസ് എന്ന ഭീകര സംഘടനയില്‍ ചേരുകയാണ്.
ആസാമിലെ ഗുവാഹതിയില്‍ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ 49 ാമത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അല്‍ഖ്വയ്ദയുടെ ഭീഷണിയും ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. പശ്ചിമ ബംഗാളിലെ ഒരു ഭീകരാക്രമണശ്രമം തന്ത്രപൂര്‍വ്വം പൊളിച്ച ബംഗാള്‍ പോലീസിനെ രാജ്നാഥ് അനുമോദിച്ചു.
ഭാരതത്തില്‍ ചുവടുറപ്പിക്കാന്‍ ഒരു ഭീകരസംഘടനയെയും അനുവദിക്കില്ല. ജനസുരക്ഷയുടെ കാര്യത്തില്‍ പോലീസിനും ഇന്റലിജന്‍സിനും വലിയ പങ്കാണ് വഹിക്കാനുള്ളത്. പോലീസിനെ ആധുനികവത്കരിച്ച് ജനാഭിമുഖ്യമുള്ളവരാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ജോലിക്കിടെ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന പോലീസുകാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച അദ്ദേഹം തലസ്ഥാനത്ത് പോലീസ് സ്മാരകം നിര്‍മ്മിക്കാന്‍ 50 കോടി രൂപയും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: