കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ യു.കെ എംബസിക്ക് മുന്നില്‍ താലിബാന് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെ.ും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
എംബസിയുടേതടക്കം നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ജലാലാബാദ് റോഡ് വഴി കാറിലെത്തിയ ചാവേര്‍ എംബസിയുടെ വാഹനത്തിനു നേരെ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. വിദേശശക്തികളെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
അഫ്ഗാന് സേനയ്ക്ക് പരിശീലനം നല്‍കാനായി വിദേശസേനയെ നിലനിര്‍ത്തിയ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ നിലപാടാണ് താലിബാനെ ചൊടിപ്പിച്ചത്. ഇതു പ്രകാരം 12,000ഓളം സൈനീകരെ നിലനിര്‍ത്താനാണ് നാറ്റോ തീരുമാനിച്ചത്.
അഫ്ഗാനില്‍ താലിബാനെതിരെ 13 വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിനു ശേഷം അടുത്ത മാസത്തോടെ തങ്ങളുടെ സേനയെ പിന്‍വലിക്കാന്‍ മിക്ക പാശ്ചാത്യരാജ്യങ്ങളും തീരുമാനിച്ചിരുന്നു. സംഭവത്തെ യു.കെ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: