കൊല്ലം: ഓരോ കുടുംബത്തിലും ശൗചാലയം എന്ന ലക്ഷ്യത്തില്‍ മാതാ അമൃതാനന്ദമയി മഠം ഒഡീഷയിലെ സ്ത്രീകള്‍ക്ക് ശൗചാലയ നിര്‍മ്മാണത്തില്‍ പരിശീലനം നല്കുന്നു. ഒഡീഷയുടെ കിഴക്കന്‍ ഗ്രാമപ്രദേശമായ ഭോയ്സാഹിയില് ഇരുപത് സ്ത്രീകള്‍ അവരവരുടെ വീടുകളില്‍ ശൗചാലയം പണിയുകയാണിപ്പോള്‍.
ഗ്രാമീണ വനിതകള്‍ക്കായി മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃത സര്‍വകലാശാലയിലെ കല്‍പ്പണി, പ്ലംബിങ്, ഇലക്ട്രിക്കല്‍ വയറിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിച്ചവരാണിവര്‍. ഈ പദ്ധതി ഭാരതത്തിലെ 101 ഗ്രാമങ്ങളില്കൂടി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മഠത്തിന്റെ വക്താവ് അറിയിച്ചു.
ഗ്രാമീണസ്ത്രീകളെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും അറ്റകുറ്റപ്പണികള്‍ക്കും പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. ഗ്രാമീണരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷ്യമാക്കി അമൃത സര്‍വകലാശാലയുടെ അമ്മച്ചി ലാബിലൂടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം നല്‍കുന്നുണ്ട്. ഇതിലൂടെ ഇതേവരെ 4000 ഗ്രാമീണ വനിതകള്‍ തൊഴിലധിഷ്ഠിത പരിശീലനം നേടിക്കഴിഞ്ഞു. സന്നദ്ധ സംഘടനകളുടെ ആഗോള ശൃംഖലയായ എംബ്രയ്സിംങ് ദ വേള്‍ഡിന്റെ സഹായവും ഇതിനുണ്ട്.പദ്ധതി ഗ്രാമീണ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിത ബോധം നല്‍കുന്നുണ്ടെന്ന് അമ്മച്ചി ലാബ് ഡയറക്ടര്‍ പ്രൊഫ. ആര്. ഭവാനി പറഞ്ഞു. പ്രാദേശിക പൊതുജന ആരോഗ്യ സ്ഥിതിയില്‍ മാറ്റം വരുമെന്നും ഫീല്‍ഡ് ഗവേഷകനായ കെ. ശ്രീറാം പറഞ്ഞു.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ സഹായകമാകുമെന്ന് മഠത്തിന്റെ വക്താവ് പറഞ്ഞു. പുത്തന്‍ ഉപജീവനമേഖലകള് തേടുന്നതിന് അവരെ സഹായിക്കുമെന്നും മഠത്തിന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു.
സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് ചത്താബാര് ഗ്രാമത്തലവനായ വിഷ്ണു പ്രസാദ് പറഞ്ഞു. ജില്ലയില്‍ 3000 ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ പ്ലംബിംഗുകാരുമായി കരാറായിട്ടുണ്ടെന്നും ഓരോ ശൗചാലയത്തിനും പതിനായിരം രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: