കാഠ്മണ്ഡു: വ്യാപാര ഉദാരീകരണം നടപ്പാക്കിയും ഭീകരവാദത്തിനെ സമര്‍ഥമായി ചെറുത്തും സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാര്‍ക്ക് സമ്മേളനത്തിന്റെ ആഹ്വാനം. ഭാരതത്തിന്റെ ഭാവി സ്വപ്നം കാണുമ്പോള്‍ താന്‍ മുഴുവന്‍ ദക്ഷിണേഷ്യയുടെയും ഭാവി കൂടിയാണ് സ്വപ്നം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഏകീകരണത്തിന്റെ വേലിയേറ്റം കാണാന്‍ കഴിയുന്നുണ്ട്. നമുക്ക് ഏറെ കാര്യങ്ങള്‍ പരസ്പരം പഠിക്കാനുണ്ട്. അതുപോലെ ഏറെ കാര്യങ്ങള്‍ ഒത്തൊരുമിച്ച് ചെയ്യാനുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
റെയില്‍, റോഡ്, ഊര്‍ജം, ചരക്ക് കടത്ത് എന്നിവയില്‍ ഭാരതവും ബംഗ്ലാദേശും തമ്മില്‍ ആഴത്തിലുള്ള സഹകരണം ഉറപ്പാക്കി. ഊര്‍ജ മേഖലയില്‍ ഭാരതവും നേപ്പാളും സഹകരിക്കുന്നതിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു. അതുപോലെ ഭൂട്ടാനുമായുള്ള സഹകരണത്തിലും നമ്മള് ഏറെ ശക്തിയുക്തം മുന്നോട്ടു പോയി. സ്വതന്ത്ര വ്യാപാര കരാറിലൂടെ ശ്രീലങ്കയുമായുള്ള വ്യാപാരം സുഗമമാക്കി. എണ്ണയുടെ കാര്യത്തില്‍ മാലിദ്വീപുമായി എത്രയും വേഗം സംവിധാനമുണ്ടാകും.
ഭാരതത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണന. ജനം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വേഗത്തില്‍ നമുക്ക് ചലിക്കാനാകുന്നില്ല. നമ്മുടെ ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം കുറച്ച് നേരിട്ടുള്ള വ്യാപാരത്തിന് അവസരമൊരുക്കണം. ഭാരതത്തിന് ഇക്കാര്യങ്ങളില്‍ നേതൃത്വം വഹിക്കാനാകുമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ നടപടികളും ലഘൂകരിക്കണം. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മാനദണ്ഡങ്ങള്‍ സാധാരണമാക്കണം. പേപ്പര്‍ ജോലി കുറയ്ക്കുന്നത് നല്ലതാണ്. ഭാരതം സാര്‍ക്ക് രാജ്യങ്ങള്‍ക്കായി മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് വരെ വ്യാപാര വിസ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതിലും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുന്നതിലും നമ്മള് എടുത്ത പ്രതിജ്ഞ നിറവേറ്റാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് മുംബൈ ഭീകരാക്രമണത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയില്‍ പുതിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. നമ്മള് കൈകള്‍ കോര്‍ത്ത് മുന്നേറിയാല്‍ യാത്ര കൂടുതല്‍ എളുപ്പമാകും. അങ്ങനെയെങ്കില്‍ ലക്ഷ്യം സമീപത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: