കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന ദിവസമായ ഇന്ന് മാന്നാനംകുന്ന് ആശ്രമത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസസമൂഹം ഒഴുകിയെത്തും. കുടമാളൂര്‍, അതിരമ്പുഴ, കൈപ്പുഴ ഫൊറോനകളില്‍നിന്നുള്ള മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ ജപമാല റാലി ഇന്നു രാവിലെ 11നു മാന്നാനത്ത് സംഗമിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് മാര്ട്ടിന് പെരുമാലി പ്രാര്‍ഥനാശുശ്രൂഷ നയിക്കും. വൈകുന്നേരം 4.30ന് 100 വൈദികര്‍ ചേര്‍ന്ന് ആര്‍പ്പിക്കുന്ന സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് വചനസന്ദേശം നല്‍കും.
പൊതുസമ്മേളനം വൈകിട്ട് 6ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ചാവറ ഭവന നിര്മ്മാണപദ്ധതിയുട ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വ്വഹിക്കും. മാന്നാനം ആശ്രമത്തില്‍ സ്ഥാപിക്കാനുള്ള കേരളീയ വിശുദ്ധരുടെ ഛായാചിത്രം മന്ത്രി രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്യും. ചാവറ പുസ്തക പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തീര്‍ത്ഥാടക റിഫ്രഷ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വ്വഹിക്കും. വിജയപുരം രൂപതാ വികാരി ജനറല്‍ ഡോ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംപിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, ജോയിഎബ്രഹാം, ജോയിസ് ജോര്‍ജ്ജ്, എംഎല്‍എമാരായ അഡ്വ. കെ. സുരേഷ്കുറുപ്പ്, സി.എഫ്. തോമസ്, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.
രാത്രി 7.30നു വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു പട്ടണപ്രദക്ഷിണം നടത്തും. മാന്നാനം കവലയില്‍ തിരക്കഥാകൃത്ത് ബി.ആര്. പ്രസാദ് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വത്തിക്കാനിലെ നാമകരണച്ചടങ്ങുകളുടെ തല്സമയസംപ്രേക്ഷണത്തിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: