മുളന്തുരുത്തി: നീര്‍ത്തട പരിപാലനത്തിനായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ 1.32 കോടിയുടെ പദ്ധതി. വിവിധ പഞ്ചായത്തുകളിലെ ചെറുതോടുകളും നീര്‍ച്ചാലുകളാലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 13 ലക്ഷം ചെലവില്‍ വലിയകുളം പ്രൊജക്റ്റ് ഇതിനകം വിജയകരമായി പൂര്‍ത്തീകരിച്ചു.
എന്‍ആര്‍ഇജിഎസിന്റെ പിന്തുണയോടെ ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വിജയകുമാര്‍ പറഞ്ഞു. പുതിയ പ്രോജക്ടില്‍ ഉദയംപേരൂര്‍ പഞ്ചായത്തിലെ വെളുത്തേടത്ത് തോട് സംരക്ഷണത്തിന് മൂന്ന് ലക്ഷം, പുത്തേഴത്ത് കാരുരുത്തി തോടിനു ആറു ലക്ഷം, കടവില്‍ തൃക്കോവില്‍ കുളം സംരക്ഷണത്തിന് 2.7 ലക്ഷം, അത്താഴപ്പിളി തോടിന് 3.80 ലക്ഷം, കുറുമ്പന് കാവില്‍ കുളം സംരക്ഷണത്തിന്് നാല് ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
ചോറ്റാനിക്കര പഞ്ചായത്തില്‍ കാളകുളം സംരക്ഷണത്തിന് 5.5 ലക്ഷം, കരുമാങ്കുളത്തിനു ഒരു ലക്ഷം, കരിയോലിപാടം തോടിന് നാല് ലക്ഷം, പൊതു കിണര്‍ നിര്‍മ്മാണത്തിന് ഏഴ് ലക്ഷം രൂപ വീതവും തുക നീക്കിവെച്ചിട്ടുണ്ട്. മുളന്തുരുത്തി പഞ്ചായത്തിലെ ചമാക്കാലം താഴം തോടിനു അഞ്ചു ലക്ഷം, പൊറ്റെപ്പാടം തോടിനു അഞ്ചു ലക്ഷം, ചെറുവട്ടക്കുളത്തിനു രണ്ടു ലക്ഷം, കോലഞ്ചേരി തോടിനു 20 ലക്ഷം, പടപ്പാച്ചിറ കുളത്തിന് എട്ട് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
തിരുവാണിയൂര്‍ പഞ്ചായത്തിലെ ഒഇഎന്‍ കുപ്പേത്താഴം തോടിനു 2.50 ലക്ഷം. തൃപ്പൂണിത്തുറ കവലേശ്വരം കുളത്തിനും തോടിനുമായി മൂന്ന് ലക്ഷം, ഹില്‍പ്പാലസ് മ്യൂസിയം തോടിനു ആറ് ലക്ഷം, പാറക്കടവ് കുളത്തിന് നാല് ലക്ഷവുമാണ് നീര്ത്തടസംരക്ഷണത്തിനായി ചെലവാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മറ്റി അംഗങ്ങള്‍ക്ക് യാത്ര ബത്ത നല്‍കുമെന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ.എസ്. സെയ്ദുമുഹമ്മദ് അറിയിച്ചു.
നീര്‍ത്തടം സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. പഞ്ചായത്തുകളില്‍ പുതുവര്‍ഷത്തില്‍ നീര്‍ത്തടവുമായി ബന്ധപ്പെട്ട കലണ്ടര്‍ വിതരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: