കായംകുളം: ബാര്‍ലൈസന്‍സിന് നഗരസഭ നല്കിയ എന്‍ഒസി ശനിയാഴ്ച
കൂടിയ അടിയന്തര കൗണ്‍സില്‍ റദ്ദാക്കി. കഴിഞ്ഞ ജനുവരി 16ന് കൂടിയ കൗണ്‍സില്‍ ആണ് എന്‍ഒസി നല്‍കിയത്. കുറ്റിതെരുവിലുള്ള ഹോട്ടലിനാണ് എന്‍ഒസി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ചില മതസംഘടനകള്‍ നഗരവികസന വകുപ്പിന് മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സില്‍ തീരുമാനം മന്ത്രി സ്റ്റേ ചെയ്തു. ഇതിനെതിരെ ഹോട്ടല്‍ ഉടമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു. എന്‍ഒസി നല്കാന് നഗരസഭയോട് നിര്‍ദ്ദേശം നല്കി.
അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ നഗരസഭ നേരത്തെ എന്‍ഒസി നല്‍കാനെടുത്ത തീരുമാനം റദ്ദാക്കാനും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കാനും തീരുമാനിച്ചു. പുതിയ മദ്യനയം നടപ്പാക്കേണ്ടതിനാലാണ് ഈ തീരുമാനം കൈ കൊണ്ടതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രാജശ്രീ കോമളത്തും, വൈസ് ചെയര്മാന് അഡ്വ. യു.മുഹമ്മദും പറഞ്ഞു.
നേരത്തെ ബാര്‍ ലൈസന്‍സ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ വിശദമായ ചര്‍ച്ച വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത് അംഗീകരിക്കാതെ ഏകപക്ഷീയമായി എന്‍ഒസി നല്‍കുകയായിരുന്നുവെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: