മാന്നാര്‍: ബ്ലോക്ക് കേരളോത്സവത്തില്‍ ബുധനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള ക്ലബ്ബുകളുടെ പേര് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് യുവാക്കള്‍ ഫുട്ബോള്‍ കളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്തില്‍ നിന്നും ഔദ്യോഗികമായി പേരുവിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിച്ചത്.
ശനിയാഴ്ച ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, ക്രിക്കറ്റ് ടീമുകള്‍ക്കാണ് പഞ്ചായത്തില്‍ നിന്നും പേരു നല്കാത്തതിനാല് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. പഞ്ചായത്തില്‍ നിന്നും നല്കിയ ലിസ്റ്റില്‍ നടക്കാത്ത മത്സരങ്ങളിലെ വിജയികളുടെ പേരു കൂടി കണ്ടതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് ഇവര്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. പഞ്ചായത്തില്‍ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ റോഡില്‍ നിരത്തിവച്ച ശേഷം ഫുട്ബോള്‍ തട്ടി പ്രതിഷേധിക്കുകയായിരുന്നു
പലതവണ മാറ്റിവച്ച ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തിയ ശേഷം വിജയികളുടെ പേര് പഞ്ചായത്തില്‍ നല്‍കുകയായിരുന്നു. ഇത് ബ്ലോക്കില്‍ നല്‍കാതെ പകരം നടക്കാത്ത മത്സരങ്ങളുടെ വിജയികളായി ഇഷ്ടക്കാരുടെ പേരുകള്‍ എഴുതി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. കേരളോത്സവം നടത്തുന്നിന് പഞ്ചായത്തിന് അനുവദിച്ച തുക ചിലവഴിക്കാതെയിരുന്ന ഭരണാധികാരികള്‍ കേരളോത്സവത്തിന്റെ പേരില്‍ പിരിവു നടത്തിയതായും സമരക്കാര്‍ ആരോപിച്ചു. ബ്ലോക്ക് കേരളോത്സവത്തിന്റെ അറിയിപ്പ് ഇന്നലെ രാവിലെയാണ് ലഭിച്ചതെന്നും അതിനാലാണ് ലിസ്റ്റ് നല്കാന് സാധിക്കാത്തതെന്നുമാണ് ഇക്കാര്യത്തില്‍ ഗ്രാമ വൈസ് പ്രസിഡന്റിന്റെ വിശദീകരണം.
തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും ഫുട്ബോള്‍ ടീമിന്റെ പേര് ഉള്‍പ്പെടുത്തി കത്തു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മോഹന്‍കുമാര്‍, സെക്രട്ടറി രാജീവ്, യുവമോര്‍ച്ച കണ്‍വീനര്‍ രാജേഷ്, മുന്‍ ഗ്രാമ പഞ്ചായത്തംഗം ഗോപന് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: