കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറത്ത് മില്‍മ ഡെയറി തുടങ്ങുന്നു. കേന്ദ്രത്തിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജ്ന (ആര്‍കെവിവൈ) സ്കീമില്‍പ്പെടുത്തി 62.3 കോടി രൂപാ ലഭ്യമാക്കാനാണ് മില്‍മയുടെ ശ്രമം. ഇതിനായി നിര്‍ദ്ദിഷ്ട ഡെയറിയുടെ വിശദമായ പദ്ധതി രൂപരേഖ മില്‍മ തയ്യാറാക്കി. ഇത് വൈകാതെ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്ത് പാലുല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള പദ്ധതി എന്ന നിലയിലാണ് ആര്‍കെവിവൈയില്‍ നിന്ന് മില്‍മ ഫണ്ട് പ്രതീക്ഷിക്കുന്നത്. അത്യുല്‍പ്പാദന ശേഷിയുള്ള കാലികള്‍, അവയുടെ പരിപാലനം, വിദഗ്ധപരിശീലനം, പാലുല്‍പ്പാദനത്തിനുള്ള സജ്ജീകരണങ്ങളായ ക്ഷീര സംഘങ്ങളുടെ രൂപീകരണം, ശാക്തീകരണം തുടങ്ങിയവ സംബന്ധിച്ച് സര്‍വ്വേ നടത്തി വിശദമായ പദ്ധതി രേഖയാണ് മില്‍മ ആര്കെവിവൈയ്ക്ക് സമര്‍പ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി രേഖയ്ക്ക് അന്തിമരൂപം നല്‍കിയത്.
മലപ്പുറത്ത് മൂര്‍ക്കനാട്ട് 15 ഏക്കറിലാണ് ഡെയറി സ്ഥാപിക്കുന്നത്. സ്ഥലമെടുപ്പിനുള്ള നടപടി ക്രമങ്ങളാണിപ്പോള് നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ മൂന്ന് കൊല്ലം കൊണ്ട് ഡെയറി സാക്ഷാത്ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറ് കോടിയില്‍പ്പരം രൂപാ ഇതിനായി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റിനായി 25 കോടി രൂപ മില്‍മക്ക് നേരത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാക്കി തുക ആര്‍കെവിവൈ ഫണ്ടിലൂടെ കണ്ടെത്താമെന്നാണ് കരുതുന്നത്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള സ്കീമാണ് ആര്‍കെവിവൈ. സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖല പരിപോഷിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതിയാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതോടെ ഇതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറാമത്തെ ഡെയറിയാകും മലപ്പുറത്തേത്. നിലവില്‍ കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഡെയറിയുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുല്പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും മില്‍മയുടെ മലബാര്‍ മേഖലാ യൂണിയനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: