ഇസ്ലാമബാദ്: 2015 ജനുവരിയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കാശ്മീര്‍ വിഷയം ഇന്ത്യന്‍ നേതാക്കളോട് ചര്‍ച്ച ചെയ്യണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെട്ടു.
ഒബാമയോട് ടെലിഫോണില്‍ സംസാരിക്കവെയാണ് ഷെരീഫ് ഈ ആവശ്യം ഉന്നയിച്ചത്. എത്രയും വേഗം കാശ്മീര്‍ വിഷയം പരിഹരിക്കണം. അത് ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക സഹകരണത്തിനും ഉപകരിക്കുമെന്ന് ഷെരീഫ് പറഞ്ഞു.
അടുത്തു തന്നെ അമേരിക്കന്‍ പ്രസിഡന്റ് പാക്കിസ്ഥാന് സന്ദര്‍ശിക്കണമെന്ന ആവശ്യവും ഷെരീഫ് ഉന്നയിച്ചിട്ടുണ്ട്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം മുന്‍ നിര്‍ത്തി ഇന്ത്യ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ഷെരീഫ് ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന് ഒരുക്കമാണെന്നും ഷെരീഫ് അറിയിച്ചു.
എന്നാല്‍ കാശ്മീര്‍ സംബന്ധമായ നിലപാടില്‍ മാറ്റമില്ലെന്നും മറ്റ് പ്രശ്നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും ഉള്ള മറുപടിയാണ് ഒബാമ നല്‍കിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: