ആലപ്പുഴ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ 40ല്‍ ഏറെ സ്ഥലത്ത് വഴിയോരശൗചാലയം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരത്തു വിഭാഗം, ദേശീയപാത വിഭാഗം തുടങ്ങിയവയുടെ ശുപാര്‍ശ ലഭിച്ചു.ശൗചാലയം നിര്‍മ്മിക്കാനായി പൊതുമരാമത്ത് വകുപ്പ് 18 മേഖലകളും നാഷണല്‍ ഹൈവേ വിഭാഗം 17 മേഖലകളും കണ്ടെത്തി. കൂടാതെ കായംകുളം നഗരസഭയും മറ്റും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനു മാതൃകയാകുന്ന സമഗ്രപദ്ധതി തയ്യാറാക്കി, ജില്ലയിലെ പ്രധാന പാതയോരങ്ങളിലും മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും മറ്റും സമയബന്ധിതമായി പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള ടോയ്ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. സാധ്യതാപഠനം നടത്തുമ്പോള്‍ പ്രൊപ്പോസലില്‍ പറയുന്ന ശൗചാലയം പൊതുജനങ്ങള്‍ക്കു പ്രയോജനപ്രദമാണോ എന്നും സ്ഥലം ലഭ്യമാണോ എന്നും പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി നിര്‍ദ്ദേശിച്ചു. കൂടുതല്‍ ഗതാഗതമുള്ള നിരത്തുകള്ക്കരികിലുള്ളതും യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതുമായ സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുക. പ്രധാന നിരത്തുകളോടു ചേര്‍ന്നുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം, വിവിധ വകുപ്പുകളുടെ സ്ഥലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കും.
എണ്ണക്കമ്പനികളുടെയും ബാങ്കുകളുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് അവരുടെ സഹകരണം ഉറപ്പാക്കണമെന്ന് എംപി കളക്ടറോട് ആവശ്യപ്പെട്ടു. നിര്‍മ്മിക്കുന്ന ശൗചാലയങ്ങളുടെ പരിപാലനം സിഎസ്ആര്‍ പ്രകാരം നടത്താനാവും. ചില കേന്ദ്രങ്ങളില്‍ ശൗചാലയങ്ങളോടനുബന്ധിച്ച് എടിഎം തുടങ്ങാനും കഴിയും. സാമൂഹികപ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഭിച്ച പ്രൊപ്പോസലുകളുടെ സാദ്ധ്യതാപഠനം നടത്തി അടിയന്തമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്തസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറായ സമിതിയില്‍ ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍, പൊതുമരാമത്ത് വകുപ്പ് നാഷണല്‍ ഹൈവേ- നിരത്തു വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: