ആലപ്പുഴ: ഓംബുഡ്സ്മാന് ഉത്തരവ് പ്രകാരം അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ഡിവൈഎഫ്ഐ നേതാവും സംഘവും തടഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപത്തെ നഗരസഭാ വക ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐ നേതാവായ ഭരണകക്ഷി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്. ഷോപ്പിങ് കോംപ്ലക്സില്‍ അനധികൃതമായി സ്റ്റെയര്‍ കേസ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാടകക്കാരന് നടത്തിയിരുന്നു. നഗരസഭയിലെ ചില പ്രമുഖരുടെ ഒത്താശയോടെയായിരുന്നു നിര്‍മ്മാണം. ഇതിനായി ചിലര്‍ പണം വാങ്ങിയതായും ആക്ഷേപമുണ്ട്.
പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇത് പൊളിച്ചു നീക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഉത്തരവ് നടപ്പാക്കിയില്ല. ഹര്ജിക്കാരന് വീണ്ടും സമീപിച്ചതിനെ തുടര്‍ന്ന് പൊളിച്ചു നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ പോലീസ് സംരക്ഷണയില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മാണം പൊളിക്കാനെത്തിയത്. എന്നാല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഒടുവില്‍ അനധികൃത നിര്‍മ്മാണം സ്വയം പൊളിച്ചു നീക്കാമെന്ന് വാടകക്കാരന് രേഖാമൂലം നഗരസഭാ സെക്രട്ടറിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കല്‍ ഒരുദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയേറ്റക്കാര്‍ക്കും ഒത്താശ ചെയ്യുന്നത് ഭരണപക്ഷത്തെ ചില പ്രമുഖരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷപ്രഭുക്കളായി മാറിയ ഡിവൈഎഫ്ഐ നേതാക്കളുടെ സ്വത്തുക്കളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോടതി ഉത്തരവുകള്‍ക്ക് പോലും പുല്ലുവില നല്കുന്ന കൗണ്‍സിലര്‍മാരുടെ അനധികൃത ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: