കലവൂര്‍: കയര്‍ബോര്‍ഡില്‍ അനധികൃതമായി ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. വീവിങ് അസിസ്റ്റന്റ്, പ്രോജക്ട് ഓഫീസര്‍, മെഷീന് ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്താനായിരുന്നു നീക്കം. മാസങ്ങള്‍ മുമ്പ് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ഉദ്യോഗാര്‍ത്ഥികള്‍ കലവൂരിലെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് താത്ക്കാലിക നിയമനമെന്നാണ് അറിയിച്ചിരുന്നത്.
നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാത്ത സാഹചര്യത്തില്‍ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്നും മുന്‍ ഭരണസമിതി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയര്‍ബോര്‍ഡ് ഓഫീസിലെത്തുകയായിരുന്നു. ഇന്റര്‍വ്യൂ മുടങ്ങിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ ജി. മോഹനന്, രഞ്ജന്‍ പൊന്നാട്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്, വേണുഗോപാല്‍, ജയരാജ്, സുരേഷ്, മുരളി, അഡ്വ. വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പുതിയ ഡയറക്ടര്‍ ബോര്‍ഡ് വന്നതിന് ശേഷം മാത്രമേ നിയമനങ്ങള്‍ നടത്താവൂവെന്നും മുമ്പ് നടത്തിയ അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: