പാലക്കാട്: ട്രെയിനില്‍ ചീട്ടുകളിച്ച നാലംഗസംഘത്തെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് പിടികൂടി. സംഘത്തില്‍ നിന്നും 20,470 രൂപയും 479.42 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. തൃശൂര്‍ നടത്തറ ചിറ്റിലപ്പള്ളി മനോജ്(36), തൃശൂര്‍ അന്തിക്കാട് പള്ളിയില്‍ വീട്ടില്‍ രണദേവ്(44), തൃശൂര്‍ അവിണിശ്ശേരി കണവല വീട്ടില്‍ സേവ്യര്‍(38), തൃശൂര്‍ ഒല്ലൂര്‍ മേച്ചേരി ഡെസ്ലിജോര്ജ്(40) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലെ മുന്നിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ട്രെയിന്‍ ഷൊര്‍ണൂര്‍ വിട്ടതിനുശേഷം നടത്തിയ പരിശോധനയിലാണ് സംഘത്തെ കണ്ടെത്തിയത്. റെയില്‍വേ സി.ഐ ജുബിമാത്യു ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ 11 മുതല്‍ നടത്തിവരുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
എസ്.ഐ കെ.കെ. ശശിധരന്, എസ്.സി.പി.ഒ മാരായ ഇ.വി. സുഭാഷ്, ലെനിന്കുമാര്, സി.പി.ഒമാരായ കൃഷ്ണകുമാര്‍, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളിക്കാരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: